അവസാന നിമിഷം ബല്‍ജിയത്തിന് അടിതെറ്റി... ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്
അവസാന നിമിഷം ബല്‍ജിയത്തിന് അടിതെറ്റി... ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ഫ്രാന്‍സിനു മുന്നില്‍ 85ാം മിനിറ്റു വരെ പിടിച്ചുനിന്നെങ്കിലും അവസാന നിമിഷം ബല്‍ജിയത്തിന് അടിതെറ്റി. പ്രതിരോധ താരം യാന്‍ വെര്‍ട്ടോംഗന്റെ സെല്‍ഫ് ഗോള്‍ ബല്‍ജിയത്തിന് യൂറോ കപ്പ് ടൂര്‍ണമെന്റിന് പുറത്തേക്കും ഫ്രാന്‍സിന് ക്വാര്‍ട്ടര്‍ ഫൈനലിലേക്കുമുള്ള വഴി തുറക്കുകയായിരുന്നു. സ്‌കോര്‍: ഫ്രാന്‍സ്–1, ബല്‍ജിയം– 0.
ആദ്യ പകുതിയുടെ ആരംഭം മുതല്‍ ആക്രമിച്ചു കളിച്ചത് ഫ്രാന്‍സായിരുന്നു. ഇടതു വിങ്ങില്‍ കിലിയന്‍ എംബപെയും വലതു വിങ്ങില്‍ അന്റോയ്ന്‍ ഗ്രീസ്മാനും ഇടതടവില്ലാതെ ബല്‍ജിയന്‍ പെനല്‍റ്റി ഏരിയയിലേക്ക് പന്തുകള്‍ എത്തിച്ചു നല്‍കിയെങ്കിലും ലക്ഷ്യം കാണാനായി മാര്‍ക്കസ് തുറാമിന് കഴിഞ്ഞില്ല. തുടക്കത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളിലേക്കു മാറിയ ബല്‍ജിയന്‍ ക്യാപ്റ്റന്‍ കെവിന്‍ ഡിബ്രുയ്‌നെയുടെ കൃത്യമായ ഇടപെടലാണ് ഫ്രാന്‍സിന്റെ പല മുന്നേറ്റങ്ങളും ചെറുത്തത്.
പിന്നാലെ കളി ഫ്രാന്‍സിന്റെ ഹാഫിലേക്കു മാറ്റിയ ഡിബ്രുയ്‌നെ ബല്‍ജിയന്‍ കൗണ്ടറുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയായിരുന്നു. പ്രധാന സ്‌െ്രെടക്കറായ റൊമേലു ലുക്കാക്കു ആദ്യ പകുതിയില്‍ നിറംമങ്ങിയെങ്കിലും ഇടതു വിങ്ങില്‍ പറന്നുകളിച്ച ജെറമി ഡോക്കു ഫ്രാന്‍സിന് അടിക്കടി ഭീഷണി ഉയര്‍ത്തി. ഇതിനിടെ ഗോള്‍ പോസ്റ്റിലേക്ക് പറന്നിറങ്ങിയ ഡിബ്രുയ്‌നെയുടെ ഫ്രീകിക്ക് ഫ്രഞ്ച് ഗോള്‍കീപ്പര്‍ മൈക്ക് മെന്യാന്‍ തടുത്തിട്ടില്ലായിരുന്നെങ്കില്‍ ആദ്യ പകുതി ലീഡോടെ അവസാനിപ്പിക്കാനായി ബല്‍ജിയത്തിന് കഴിയുമായിരുന്നു.
രണ്ടാം പകുതിയില്‍ ബല്‍ജിയം പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു. എംബപെയുടെ ഒറ്റയാള്‍ മുന്നേറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബല്‍ജിയം പോസ്റ്റില്‍ കാര്യമായ സമ്മര്‍ദമുണ്ടാക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞില്ല. ഇതിനിടെ സ്വന്തം ഹാഫില്‍ നിന്നു ലഭിച്ച പന്തുമായി ഫ്രാന്‍സ് ഗോള്‍മുഖത്തേക്ക് കുതിച്ചെത്തിയ ഡിബ്രുയ്‌നെ, പെനല്‍റ്റി ഏരിയയ്ക്ക് അകത്തേക്ക് നീട്ടിനല്‍കിയ പന്ത് യാനിക് കരാസ്‌കോയുടെ കാലിലെത്തി. എന്നാല്‍ ഗോളെന്നുറച്ച കരാസ്‌കോയുടെ ഷോട്ട് സ്ലൈഡിങ് ക്ലിയറന്‍സിലൂടെ തട്ടിയകറ്റിയ തിയോ ഹെര്‍ണാണ്ടസ് ഫ്രാന്‍സിന്റെ രക്ഷകനായി. ഒടുവില്‍ മത്സരം തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ എന്‍ഗോളൊ കാന്റെയുടെ പാസില്‍ നിന്ന്, പകരക്കാരനായി എത്തിയ കോളോ മുവാനിയെടുത്ത ഷോട്ട് ബല്‍ജിയന്‍ ഡിഫന്‍ഡര്‍ വെര്‍ട്ടോംഗന്റെ കാലില്‍ തട്ടി പോസ്റ്റിനകത്തേക്ക് കയറി.
https://www.facebook.com/Malayalivartha