ആവേശപ്പോരാട്ടത്തില്‍ ഓസ്ട്രിയയെ 2-1 ന് കീഴടക്കി തുര്‍ക്കി ക്വാര്‍ട്ടറില്‍
ആവേശപ്പോരാട്ടത്തില്‍ ഓസ്ട്രിയയെ 2-1 ന് കീഴടക്കി തുര്‍ക്കി ക്വാര്‍ട്ടറില്‍. ഇരട്ട ഗോളുകള്‍ നേടിയ മെറിഹ് ഡെമിറലാണ് തുര്‍ക്കിയ്ക്കായി തിളങ്ങിയത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സാണ് തുര്‍ക്കിയുടെ എതിരാളികള്‍.
കളി ആരംഭിച്ച ആദ്യ മിനിറ്റില്‍ തന്നെ തുര്‍ക്കി ഓസ്ട്രിയയെ ഞെട്ടിച്ചു. കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ഓസ്ട്രിയന്‍ താരങ്ങള്‍ പരാജയപ്പെട്ടതു മുതലെടുത്താണ് മെറിഹ് ഡെമിറല്‍ ആദ്യ ഗോള്‍ നേടിയത്.
ഒരു ഗോള്‍ വീണതിന് പിന്നാലെ ഓസ്ട്രിയ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. സാബിറ്റ്സറും അര്‍ണാടോവിക്കും ഗോള്‍ ശ്രമം ഊര്‍ജിതമാക്കിയെങ്കിലും തുര്‍ക്കി പ്രതിരോധം ശക്തമാക്കുകയായിരുന്നു. രണ്ടാം പകുതിയിലും ഓസ്ട്രിയ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല. എന്നാല്‍ 59ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നുള്ള ഹെഡറിലൂടെ തുര്‍ക്കിയാണ് രണ്ടാം ഗോള്‍ നേടിയത്.
ഇതോടെ കളി കൂടുതല്‍ ആവേശകരമായി. ഏറെ പരിശ്രമത്തിനൊടുവില്‍ 66ാം മിനിറ്റില്‍ ഓസ്ട്രിയ ഒരു ഗോള്‍ തിരിച്ചടിച്ചു. പകരക്കാരനായെത്തിയ മൈക്കല്‍ ഗ്രഗറിറ്റ്സാണ് വലകുലുക്കിയത്. പൊരുതിക്കളിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ ഓസ്ട്രിയയ്ക്ക് കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha