ഔദ്യോഗിക കോച്ചില്ലാത്ത ആദ്യ മത്സരത്തിനിറങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്....
ഔദ്യോഗിക കോച്ചില്ലാത്ത ആദ്യ മത്സരത്തിനിറങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് വൈകുന്നേരം 7.30ന് കലൂര്‍ സ്‌റ്റേഡിയത്തില്‍ മുഹമ്മദന്‍സ് എസ്.യുമായാണ് പോരാട്ടം.
ടീമിന്റെ മോശം പ്രകടനങ്ങളിലും തുടര്‍ച്ചയായ പരാജയങ്ങളിലും ശക്തമായി പ്രതിഷേധിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പരസ്യമായി രംഗത്തെത്തിയതിനുശേഷം തട്ടകത്തിലെ ആദ്യ മത്സരമെന്ന നിലക്കും ജയം അനിവാര്യമാണ് ബ്ലാസ്‌റ്റേഴ്‌സിന്.
കഴിഞ്ഞത് കഴിഞ്ഞു, ഇനിയുള്ള മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന നിലപാടുമായാണ് മലയാളികൂടിയായ ഇടക്കാല പരിശീലകന്‍ ടി.ജി. പുരുഷോത്തമനും നായകന്‍ അഡ്രിയാന്‍ ലൂണയും ടീമിനെ മുന്നോട്ട് നയിക്കുന്നത്. 12 കളികളില്‍ 11 പോയന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇപ്പോഴുള്ളത്.
സീസണില്‍ ആകെ മൂന്നു ജയം മാത്രമുള്ള ടീമിന് രണ്ട് സമനിലയുമുണ്ട്. ഏഴ് കളികളിലാണ് ഇതിനകം മഞ്ഞപ്പട പരാജിതരായത്. ഇതോടെ കട്ട ഫാന്‍സിനിടയില്‍പോലും കടുത്ത പ്രതിഷേധം ഉയര്‍ന്നു.
പിന്നാലെ കഴിഞ്ഞദിവസം കോച്ച് സ്റ്റാറെയെയും സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെയും പുറത്താക്കിക്കൊണ്ടുള്ള നടപടി മാനേജ്‌മെന്റ് സ്വീകരിക്കുകയായിരുന്നു. എന്നാല്‍, കോച്ചിനെ മാറ്റി ആരാധകരെ തൃപ്തിപ്പെടുത്താമെന്ന് കരുതിയ മാനേജ്‌മെന്റിന് ആ നീക്കത്തിന്റെ പേരിലും പഴി കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്.
"
https://www.facebook.com/Malayalivartha