ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിന്....

ആവേശത്തോടെ ആരാധകര്‍.... ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിന്. അധിക സമയത്തേക്ക് നീണ്ട കലാശപ്പോരില്‍ ബെംഗളൂരു എഫ്.സിയെ 2-1ന് കീഴടക്കിയാണ് ബഗാന്റെ കിരീട നേട്ടം. നേരത്തെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി ലീഗ് ഷീല്‍ഡും ബഗാന്‍ സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.
മത്സരത്തിന്റെ 62 ശതമാനവും പന്ത് ബെംഗളൂരുവിന്റെ കാലിലായിരുന്നുവെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബഗാനാണ് മുന്നിട്ടുനിന്നത്. രണ്ടാം പകുതി ആരംഭിച്ച് ഏതാനും മിനുറ്റുകള്‍ക്ക് ശേഷം സെല്‍ഫ് ഗോള്‍ ബലത്തിലാണ് ബെംഗളൂരു മുന്നിലെത്തിയത്.
ബെംഗളൂരു മുന്നേറ്റം തടയാനുള്ള ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ ശ്രമം ഗോളില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ 72ാം മിനുറ്റിലാണ് ബഗാന്റെ സമയം തെളിഞ്ഞത്. ജെയ്മി മക്ലാരന്റെ ക്രോസ് തടയാനെത്തിയ സനയുടെ കൈയ്യില്‍ പന്തുതട്ടിയതിനെത്തുടര്‍ന്ന് റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത കുമ്മിങ്‌സിന് പിഴച്ചില്ല.സമനില ഗോള്‍ നേടിയതോടെ ബഗാന്‍ ഉണര്‍ന്നു കളിച്ചെങ്കിലും വിജയഗോള്‍ നേടാനായില്ല.
ഒടുവില്‍ അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ 96ാം മിനുറ്റില്‍ ജെയ്മി മക്ലാരനാണ് ബഗാനായി ഗോള്‍ കുറിച്ചത്. മോഹന്‍ ബഗാനായി മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹല്‍ അബ്ദുസ്സമദും കളത്തിലിറങ്ങി.ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനമാണ് ബഗാന്‍ പുറത്തെടുത്തിരുന്നത്.
"
https://www.facebook.com/Malayalivartha