വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ പരിശീലകരില്‍ നിന്നും ടീം സെക്രട്ടറി, മാനേജ്‌മെന്റ് എന്നിവരാലും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി മുന്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സോനാ ചൗധരി ആരോപിച്ചു.
ഇവര്‍ എഴുതിയ 'ഗെയിം ഇന്‍ ഗെയിം' എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
90-കളില്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഹരിയാനയില്‍ നിന്നുള്ള സോനാ ചൗധരി. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട കാലത്തെ വനിതാ ഫുട്‌ബോളിന്റെ ഇരുണ്ട കാലമെന്നാണ് സോനാ ചൗധരി വിശേഷിപ്പിക്കുന്നത്.
ടീമില്‍ സ്ഥാനം നേടാന്‍ ചില 'വിട്ടുവീഴ്ചകള്‍' ചെയ്യാന്‍ പരിശീലകരും ടീം മാനേജ്‌മെന്റും താരങ്ങളെ നിര്‍ബന്ധിക്കുന്നതും ലൈംഗികമായി ചൂഷണം ചെയ്യുന്നതും പതിവായിരുന്നു.
വിദേശ പര്യടനത്തില്‍ വനിതാ താരങ്ങളുടെ മുറിയില്‍ കിടന്നുറങ്ങണമെന്ന് പരിശീലകനും സെക്രട്ടറിയും ആവശ്യപ്പെടുമായിരുന്നു. താരങ്ങളില്‍ നിന്നും എതിര്‍പ്പ് ഉണ്ടാകുന്നത് വരെ ഇത് തുടര്‍ന്നതായും ഇവര്‍ ആരോപിക്കുന്നു. ദേശീയ ടീമില്‍ മാത്രമല്ല സംസ്ഥാന തലത്തിലും ഇതാണ് അവസ്ഥയെന്ന് ചൗധരി ആരോപിക്കുന്നു.
1998-ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സോനാ ചൗധരി തന്റെ കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, ആരോപണവുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷിക്കാന്‍ തയാറാണെന്ന് കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha