വാന്‍ഗാല്‍ മാഞ്ചസ്റ്ററിന്റെ പരിശീലകനാകും
ഹോളണ്ട് ടീം പരിശീലകന്‍ ലൂയീസ് വാന്‍ ഗാല്‍ പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേല്ക്കും. ബ്രസീലില്‍ ജൂണ്‍ 12ന് തുടക്കം കുറിക്കുന്ന ലോകകപ്പ് പൂര്‍ത്തിയായശേഷമാവും സ്ഥാനാരോഹണം. വന്‍ പരാജയമായി മാറിയ ഡേവിസ് മോയസിനെ ഏപ്രിലില്‍ പുറത്താക്കിയശേഷം താത്കാലിക പരിശീലക സ്ഥാനമേറ്റ മാഞ്ചസ്റ്ററിന്റെ വെറ്റന്‍ താരം റയന്‍ ഗിഗ്‌സാണ് വാന്‍ ഗാലിന്റെ സഹായി.
മാഞ്ചസ്റ്ററിനുവേണ്ടി ഏറ്റവുമധികം മത്സരം കളിച്ച താരമാണ് ഗിഗ്‌സ്. ബ്രിട്ടന് പുറത്തുനിന്ന് മാഞ്ചസ്റ്ററിന്റെ പരിശീലകനാവുന്ന ആദ്യത്തെയാളാണ് വാന്‍ ഗാല്‍.
ഡച്ച് ദേശീയ ടീമുമായുള്ള വാന്‍ ഗാലിന്റെ കരാര്‍ ലോകകപ്പ് പൂര്‍ത്തിയായാലേ അവസാനിക്കൂ. അച്ചടക്കത്തിന്റെ ആശാനായ വാന്‍ ഗാല്‍ അയാക്‌സ്(ഹോളണ്ട്), ബാഴ്‌സലോണ(സ്‌പെയിന്‍), ബയറണ്‍ മ്യൂണിക്ക്(ജര്‍മനി) ടീമുകള്‍ക്ക് ദേശീയ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും സമ്മാനിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററിന് ഏറ്റവുമധികം നേട്ടങ്ങള്‍ സമ്മാനിച്ച സ്‌കോട്‌ലന്‍ഡുകാരനായ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ വിരമിച്ചശേഷം ചുമതലയേറ്റ മോയസ് പുറത്താക്കപ്പെടുമ്പോള്‍ മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗിനും യൂറോപ്പയ്ക്കും യോഗ്യത നേടില്ലെന്നുറപ്പായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha