ഫ്രാന്‍സിനെ തോല്‍പിച്ച് ജര്‍മ്മനിയും കൊളംബിയയെ മറികടന്ന് ബ്രസീലും സെമിയില്‍
ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മ്മനി കീഴടക്കി സെമി ഫൈനലിലെത്തി. ആദ്യ പകുതിയില്‍ മാറ്റ് ഹമ്മല്‍സ് നേടിയ ഗോളാണ് ജര്‍മ്മനിക്ക് വിജയമൊരുക്കിയത്.
കൊളംബിയയും ബ്രസീലും തമ്മിലുള്ള പോരാട്ടത്തില്‍ കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്രസീല്‍ തോല്‍പിച്ചത്. എഴാം മിനിട്ടില്‍ നെയ്‌മറുടെ പാസില്‍ ക്യാപ്‌റ്റന്‍ തിയാഗോ സില്‍വയിലൂടെ ലീഡ് നേടിയ ബ്രസീല്‍ അറുപത്തിഒമ്പതാം മിനിട്ടില്‍ മറ്റൊരു പ്രതിരോധക്കാരനായ ഡേവിഡ് ലൂയിസിന്റെ എണ്ണം പറഞ്ഞ ഫ്രീകിക്കിലൂടെയാണ് ജയം ഉറപ്പിച്ചത്. എന്നാല്‍ അറുപത്തിഒമ്പതാം മിനിട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാമെസ് റോഡ്രിഗസ് കൊളംബിയയുടെ പ്രതീക്ഷ നിലനിര്‍ത്തി. കൊളംബിയയുടെ ബാക്കയെ ഗോളി ജൂലിയോ സെസാര്‍ ബോക്‌സിന് മുന്നില്‍ ചവിട്ടി വീഴ്‌ത്തിയതിന് കിട്ടിയ പെനാലിറ്റിയാണ് റോഡ്രിഗസ് ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ ഈ ലോകകപ്പില്‍ ടോപ് സ്‌കോററായി തുടരുന്ന ഹാമെസ് റൊഡ്രിഗസിന്റെ ഗോള്‍ സമ്പാദ്യം ആറായി.
2002 ലോകകപ്പിനുശേഷം ബ്രസീല്‍-ജര്‍മ്മനി പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങുകയാണ്. ഇപ്രാവശ്യം സെമിഫൈനലിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.
https://www.facebook.com/Malayalivartha