ലോകകപ്പിലെ മികച്ച താരമായി മാറി മെസ്സി
ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌ക്കാരം ലയണല്‍ മെസ്സിക്ക് ലഭിച്ചു. ലോകകിരീടം നഷ്‌ടമായെങ്കിലും ലോകത്തെ മികച്ച കളിക്കാര്‍ മാറ്റുരയ്‌ക്കുവാനെത്തിയ വേദിയല്‍ കേമനാകാന്‍ മെസിക്കു കഴിഞ്ഞു.
ലോകകിരീടം നഷ്‌ടമായ അര്‍ജന്റീനയ്‌ക്ക് ആശ്വാസം പകരുന്നതാവും മെസിക്കു ലഭിച്ച് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. ഇതിനകം മൂന്നു ലോകകപ്പ് കളിച്ചെങ്കിലും അവിടെ തന്റെ പ്രതിഭാവിലാസത്തിന് അംഗീകാരം നേടാന്‍ മെസ്‌ക്കു കഴിഞ്ഞിരുന്നില്ല. ആ കുറവാണിപ്പോള്‍ ബ്രസീലില്‍ അദ്ദേഹം നികത്തിയിരിക്കുന്നത്. ടീമിനെ തന്റെ പ്രതിഭാബലത്തില്‍ മാത്രം ഫൈനലില്‍ എത്തിച്ചത് മെസിയായിരുന്നു എന്നു തന്നെ പറയാം. ഏഴുമത്സരങ്ങള്‍ കളിച്ചപ്പോള്‍ നാലു ഗോളുകള്‍ നേടിയ മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. അതിനൊപ്പം ലക്ഷ്യം ഭേദിച്ചില്ലെങ്കിലും ആരാധകരെ ആവേശം കൊള്ളിക്കുന്ന അനവധി നീക്കങ്ങള്‍ നടത്താനും ഈ ബാഴ്‌സലോണ താരത്തിനായി.
ഫൈനലിന്റെ ആദ്യ പകുതിയില്‍ മൂന്നുതുറന്ന അവസരങ്ങള്‍ മെസി ഒരുക്കിയെടുത്തെങ്കിലും സഹകളിക്കാര്‍ക്ക് അതു പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. എതിരെ കളിച്ച ടീമുകളുടെ പ്രതിരോധങ്ങളെ കീറിമുറിക്കാന്‍ മെസിക്കു കഴിഞ്ഞു. കൃത്യതയാര്‍ന്ന പാസുകളും ഷോട്ടുകളും കൊണ്ട് കാല്‍പ്പന്തുകളിക്ക് പുതിയ മാനം നല്‍കുകയും ചെയ്‌തു.
നാലു പ്രാവശ്യം ലോകഫുട്‌ബോളര്‍ക്കുള്ള ബാല്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസിക്ക് ഗോള്‍ഡന്‍ബോള്‍ പുരസ്‌കാരം പൊന്‍തൂവലായി. ഇപ്പോള്‍ ഇരുപത്തേഴു വയസ്സുള്ള മെസിക്ക് 2018 ലെ റഷ്യന്‍ ലോകകപ്പും കൂടി കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha