ഫുട്‌ബോള്‍ താരലേലം ഇന്നു മുതല്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ താരലേലം ഇന്നു മുംബൈയില്‍ നടക്കും.ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തവരടക്കമുള്ള ആഭ്യന്തര താരങ്ങളുടെ ലേലമാണ് ആദ്യം നടക്കുക. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അംഗീകാരത്തോടെ നടത്തുന്ന ഐഎസ്‌എല്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.
ആഭ്യന്തര താരങ്ങള്‍ക്കായി മാത്രം എട്ടു ടീമുകള്‍ ഏകദേശം 40 കോടി രൂപ ചെലവഴിക്കും. സീസണ്‍ അവസാനിക്കുന്നതോടെ ഇന്ത്യന്‍ താരങ്ങളില്‍ ഒട്ടേറെപ്പേര്‍ കോടിപതികളാകും. മൂല്യമേറിയ താരങ്ങളായ സുബ്രത പാല്‍, ഗൗരമാംഗി സിങ്, സയ്യിദ് റഹിം നബി എന്നിവര്‍ക്ക് 80 ലക്ഷം രൂപയാണു വില. നിര്‍മല്‍ ഛേത്രിക്കും സന്‍ജു പ്രധാനും 70 ലക്ഷം രൂപയുടെ മൂല്യമുണ്ട്. യുവ മിഡ്‌ഫീല്‍ഡര്‍മാരായ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ലെന്നി റോഡ്രിഗസ് എന്നിവര്‍ക്ക് 60 ലക്ഷമാണു വിലയിട്ടിരിക്കുന്നത്. മലയാളി താരങ്ങളിലെ സമ്പന്നര്‍ എന്‍.പി. പ്രദീപും സി.എസ്. സബീത്തുമാണെന്നാണു സൂചന.
ആറു ലക്ഷം രൂപയാണ് ആഭ്യന്തര താരങ്ങളുടെ ചുരുങ്ങിയ വില. ആഭ്യന്തര താരങ്ങളെ റജിസ്‌റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ഇന്നലെ മുംബൈയില്‍ ആരംഭിച്ചു. ഇന്ന് ഇന്ത്യന്‍ താരങ്ങളുടെ ലേലം ആരംഭിക്കും. നാളെയോടെ എല്ലാ ടീമുകളിലെയും 14 വീതം ഇന്ത്യന്‍ താരങ്ങളുടെ പട്ടിക പൂര്‍ത്തിയാകും. വിദേശ താരങ്ങളുടെ ലേലം 25-നു നടക്കുമെന്നാണു സൂചന. പൂര്‍ണമായും കളിക്കാര്‍ക്കു പ്രയോജനം ലഭിക്കുന്ന രീതിയിലാണു ഐഎസ്‌എല്‍ കരാര്‍.
മൂന്നു മാസം നീളുന്ന സീസണിനുശേഷം ഇവര്‍ക്കു വായ്‌പ അടിസ്‌ഥാനത്തില്‍ ഐ ലീഗ് ക്ലബുകള്‍ക്കു കളിക്കാം. ഇതിനായി ക്ലബുകള്‍ നല്‍കുന്ന തുകയുടെ 35% താരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ടൂര്‍ണമെന്റിനായി ടീമുകളെ വിട്ടു നല്‍കിയ മുംബൈ എഫ്‌സി, മോഹന്‍ ബഗാന്‍, ഈസ്‌റ്റ് ബംഗാള്‍, റാങ്‌ദിജെദ് എഫ്‌സി തുടങ്ങിയ ഐ ലീഗ് ക്ലബുകള്‍ക്കും നേട്ടമുണ്ട്. വിട്ടു നല്‍കിയ താരങ്ങളുടെ നാലു മാസത്തെ കരാര്‍ തുക ഐഎസ്‌എല്‍ സംഘാടകര്‍ നല്‍കും. വാര്‍ഷിക ചെലവ് ഗണ്യമായി കുറയ്‌ക്കാന്‍ ഇതു ക്ലബുകളെ സഹായിക്കും. കേരളത്തില്‍ നിന്ന് ആറു പേരുള്‍പ്പെടെ 84 ആഭ്യന്തര താരങ്ങളാണു പട്ടികയിലുള്ളത്.
https://www.facebook.com/Malayalivartha