ജര്‍മനിയുടെ സൂപ്പര്‍താരമായ മിറോസ്ലാവ് ക്ലോസെ വിരമിച്ചു
ജര്‍മനിയുടെ മുന്നേറ്റനിര താരം മിറോസ്ലാവ് ക്ലോസെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. ബ്രസീല്‍ ലോകകപ്പില്‍ രണ്ടു തവണ വല കുലുക്കിയ ക്ലോസെ ലോകകപ്പ് ചരിത്രത്തില്‍ പതിനാറു ഗോളുകളുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന് റിക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു . ബ്രസീലിന്റെ റൊണാള്‍ഡോയുടെ 15 ഗോളുകളുടെ റിക്കോര്‍ഡാണ് മുപ്പത്തിയാറുകാരനായ ക്ലോസെയുടെ മുന്നില്‍ വഴി മാറിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഘാനയ്‌ക്കെതിരെയുള്ള സമനില ഗോളോടെ റൊണാള്‍ഡോയ്‌ക്കൊപ്പമെത്തി, സെമി ഫൈനലില്‍ ബ്രസീലിനെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്കു തള്ളിവിട്ട മത്സരത്തിലെ രണ്ടാം ഗോള്‍ ക്ലോസെയുടെ വകയായിരുന്നു. ഇതോടെയാണ് ഗോള്‍ നേട്ടത്തില്‍ പുതിയ റെക്കോര്‍ഡ് ക്ലോസെയുടെ പേരിലായത്. മത്സരത്തില്‍ 7-1 നാണ് ജര്‍മനി ജയിച്ചത്. നാലു ലോകകപ്പുകള്‍ കളിച്ച ക്ലോസെ നാലു ലോകകപ്പിലും ഗോളുകള്‍ സ്‌കോര്‍ ചെയ്‌തിട്ടുമുണ്ട്. 2002 ലോകകപ്പില്‍ അഞ്ചു ഗോളുമായി രണ്ടാം സ്ഥാനത്തെത്തിയ ക്ലോസെ 2006 ലോകകപ്പില്‍ 5 ഗോളുമായി ടോപ് സ്‌കോററായി. 2010ല്‍ നാലും 2014 ല്‍ രണ്ടു ഗോളുമായിരുന്നു ക്ലോസെയുടെ നേട്ടം. ഹെഡര്‍ ഗോളുകളില്‍ വിദഗ്‌ദ്ധനായ ക്ലോസെ 2002 ലോകകപ്പില്‍ നേടിയ 5 ഗോളുകളും ഹെഡറിലൂടെയായിരുന്നു.
ജര്‍മ്മന്‍ ടീമിനൊപ്പം കഴിഞ്ഞ 13 വര്‍ഷം നീണ്ട കരിയറാണ് ഇതോടെ വിരാമമായത്. ബ്രസീലിലെ ലോകകപ്പ് നേട്ടത്തോടെ തന്റെ ബാല്യകാല സ്വപ്‌നമാണ് സഫലമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോളണ്ടില്‍ ജനിച്ച ക്ലോസെ തന്റെ കുടുംബത്തോടൊപ്പം എട്ടാം വയസ്സില്‍ ജര്‍മ്മനിയില്‍ കുടിയേറി. മാതാപിതാക്കളും കായികതാരങ്ങളായിരുന്നു. പിതാവ് ജോസഫ് ക്ലോസെ പോളീഷ് ക്ലബ് ഒഡ്രാ ഓപലിന്റെയും ഫ്രഞ്ച് ക്ലബ് ഓക്‌സറിന്റെ കളിക്കാരനായിരുന്നു. മാതാവ് ബാറബറ ജെസ് പോളണ്ടിന്റെ മുന്‍ രാജ്യാന്തര ഹാന്‍ഡ് ബോള്‍ താരവുമായിരുന്നു.
https://www.facebook.com/Malayalivartha