ജര്‍മനിയെ തകര്‍ത്ത് അര്‍ജന്റീന
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് അര്‍ജന്റീനയുടെ മധുരപ്രതികാരം. മാരക്കാനയില്‍ 52 ദിവസം മുന്‍പ് 1-0ന് തോറ്റ അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് ചാംപ്യന്‍മാരെ അവരുടെ നാട്ടില്‍ തന്നെയാണ് കീഴടക്കിയത്. സ്‌കോര്‍: 4-2. നാല് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ജര്‍മനിയുടെ ആശ്വാസ ഗോളുകള്‍. ലോകകപ്പ് ഫൈനലില്‍ പരുക്ക് മൂലം കളിക്കാനാവാതെ പോയ പ്ലേമേക്കര്‍ എയ്‌ഞ്ചല്‍ ഡി മരിയയായിരുന്നു ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ അര്‍ജന്റീനയുടെ മൂന്ന് ഗോളുകള്‍ക്ക് വഴിതുറന്നത്.
നായകന്‍ ലയണല്‍ മെസി ഇല്ലാതെയാണ് പുതിയ കോച്ച് ജെറാര്‍ജോ മാര്‍ട്ടീനോയുടെ പരിശീലനത്തില്‍ ആദ്യ മല്‍സരത്തിന് അര്‍ജന്റീന ഇറങ്ങിയത്. ലോകകപ്പില്‍ നിറം മങ്ങിയ സെര്‍ജിയോ അഗ്യൂറോയുടെ വകയായിരുന്നു അര്‍ജന്റീനയുടെ ആദ്യ ഗോള്‍. പിന്നെ എറിക് ലാമെല, പിന്നാലെ അഗസ്‌റ്റൊ ഫെര്‍ണാണ്ടസ്... മൂന്നു ഗോളുകള്‍ക്കും വഴിയൊരുക്കിയ ശേഷം നാലാം ഗോള്‍ സാക്ഷാല്‍ മരിയയുടെ ബൂട്ടില്‍ നിന്ന്. പുത്തന്‍ താരങ്ങളുമായി പരീക്ഷണത്തിനിറങ്ങിയ ജര്‍മന്‍ കോച്ച് ജോക്കിം ലോയ്‌ക്ക് ആശ്വാസം നല്‍കിയത് ആന്ദ്രെ ഷൂളിന്റെയും ലോകകപ്പ് ഫൈനലിലെ വിജയശില്‍പി ഗോഡ്‌സെയുടെയും ഗോളുകളായിരുന്നു.
https://www.facebook.com/Malayalivartha