ഒന്നര ലക്ഷം വായ്പയെടുത്ത് മാസ്റ്റേഴ്‌സ കായികമേളയ്ക്കു പോയ അംബികയ്ക്ക് വെള്ളിയും വെങ്കലവും
ഏഷ്യ മാസ്‌റ്റേഴ്‌സ് കായിക മേളയില്‍ പങ്കെടുക്കാന്‍ വായ്പ എടുത്ത് ജപ്പാനില്‍ പോയ അംബികയ്ക്ക് മെഡല്‍ത്തിളക്കം. വായ്പ തിരിച്ചടയ്ക്കല്‍ എന്ന കടമ്പ മുന്നില്‍ ഉള്ളപ്പോഴും രാജ്യത്തിനുവേണ്ടി മികവു പ്രകടിപ്പിക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ശാസ്തമംഗലം പ്രകാശത്തില്‍ പരേതനായ കുമാരസാമിയുടെ ഭാര്യ പി അംബിക. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ സിംഗിള്‍ വുമണ്‍ ബെനഫിറ്റ് സ്‌കീമില്‍ പെടുത്തിയാണ് അംബികയ്ക്ക് ഒന്നര ലക്ഷം രൂപ അനുവദിച്ചത്. 20 മാസമാണു തിരിച്ചടവു കാലാവധി. 300 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയും 200 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ വെങ്കലവുമാണ് അംബികയ്ക്കു ലഭിച്ചത്. 400 മീറ്റര# റേസില്‍ നാലാം സ്ഥാനം കിട്ടി.
21നും 40നും മധ്യേ പ്രായമുള്ളവര്‍ക്കാണ് സാധാരണയായി ഈ പദ്ധതിയില്‍ വായ്പ അനുവദിക്കുന്നത്. 2002ല്‍ സെക്രട്ടേറിയറ്റില്‍ നിന്ന് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്ററായി വിരമിച്ച അംബികയ്ക്ക് 65നു മുകളില്‍ പ്രായമുണ്ടായിട്ടും അത്‌ലറ്റിക് ഇനങ്ങളില്‍ മുമ്പേതന്നെ അവര്‍ പ്രകടിപ്പിച്ചിരുന്ന മികവ് കണക്കിലെടുത്തു പ്രത്യേക പരിഗണന നല്‍കുകയായിരുന്നുവെന്ന് കോര്‍പറേഷന്‍ എംഡി ഡോ. പിടിഎം സുനീഷ് പറഞ്ഞു. പ്രായപരിധി വ്യവസ്ഥ നിയമപരമായി മറികടക്കാന്‍ അംബികയുടെ അപേക്ഷ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം പ്രത്യേകമായി പരിഗണിച്ചാണ് തീരുമാനമെടുത്തത്.
ജോലിയിലിരിക്കെ സെക്രട്ടേറിയറ്റ് ടീമിനൊപ്പം ദേശീയതലത്തില്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. വിരമിച്ച ശേഷം മാസ്റ്റേഴ്‌സ് അത്‌ലറ്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യല്‍ ചേര്‍ന്ന് വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്തു. 5 കിലോമീറ്റര്‍ നടത്തം, 400 മീറ്റര്‍ ഓട്ടം, ട്രിപ്പിള്‍ ജംപ്, ലോംഗ് ജംപ്, റിലേ മല്‍സരങ്ങളില്‍ ജില്ല, സംസ്ഥാന,ദേശീയതലങ്ങളില്‍ സമ്മാനങ്ങള്‍ നേടി. കഴിഞ്ഞ മാസം 19 മുതല്‍ 23 വരെ ജപ്പാനിലായിരുന്നു ഏഷ്യ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്. പെന്‍ഷന്‍ തുകയും രണ്ട് ആണ്‍മക്കളുടെ ചെറിയ വരുമാനവും ആ യാത്രയ്ക്കും താമസത്തിനും തികയാതെ വന്നപ്പോഴാണ് വായ്പ എടുത്തത്. സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ച ശേഷമാണ് ഭര്‍ത്താവ് കുമാരസാമി അന്തരിച്ചത.
https://www.facebook.com/Malayalivartha