ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ്; ഹാട്രിക് കിരീടനേട്ടത്തോടെ കേരളം
കേരളത്തിന്റെ ചുണക്കുട്ടികള്‍ വിജയവാഡയില്‍ വന്‍വിജയം നേടി. ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് കിരീടമാണ് കേരളം സ്വന്തമാക്കിയത്. 38 സ്വര്‍ണവും 22 വെള്ളിയും 13 വെങ്കലവും സ്വന്തമാക്കി 528.5 പോയന്റ് നേടിയാണ് കേരളം ഹാട്രിക് സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. 2012 ല്‍ ലഖ്‌നൗവിലും 2013 ല്‍ ബാംഗ്ലൂരും നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായിരുന്നു കിരീടം. 394 പോയന്റുമായി ഹരിയാണയാണ് രണ്ടാംസ്ഥാനത്ത്. 357 പോയന്റുമായി തമിഴ്‌നാട് മൂന്നാം സ്ഥാനത്താണ്.
മീറ്റിലെ അവസാന ഇനങ്ങളായ 20 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4ഃ400 മീറ്റര്‍ റിലേകളില്‍ സ്വര്‍ണം സ്വന്തമാക്കിയാണ് കേരളം മെഡല്‍വേട്ട അവസാനിപ്പിച്ചത്. അവസാനദിനമായ ഞായറാഴ്ച മാത്രം കേരളം 13 സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും അക്കൗണ്ടിലേക്ക് ചേര്‍ത്തു.
48.9 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പായിച്ച് ആതിര മുരളീധരനാണ് അവസാനദിനം കേരളത്തിന്റെ മെഡല്‍ പട്ടികയിലേക്ക് ആദ്യ സ്വര്‍ണമെത്തിച്ചത്. 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ കേരളത്തിന്റെ ദീര്‍ഘദൂര ഓട്ടക്കാരി പി.യു. ചിത്ര സ്വര്‍ണം നേടി മീറ്റ് റെക്കോഡിട്ടു. 9 മിനിറ്റ് 56.92 സെക്കന്‍ഡിലാണ് ചിത്ര ഫിനിഷിങ് ലൈന്‍ തൊട്ടത്. മീറ്റില്‍ ചിത്രയുടെ രണ്ടാം സ്വര്‍ണമാണിത്.
20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.66 മീറ്റര്‍ ഉയരം താണ്ടി എയ്ഞ്ചല്‍ പി. ദേവസ്യയും സ്വര്‍ണം നേടി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പെന്റാത്തലണില്‍ സി.എം. ആതിര മോഹന്‍, 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ജിസ്‌ന മാത്യു, 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ എം. ജോസഫ് ജോ, 20 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സി. ജിതേഷ്, 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ എ.പി. ഷില്‍ബി, 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അബിത മേരി മാന്വല്‍, 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ജെസ്സി ജോസഫ്, 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഹെപ്റ്റാത്തലണില്‍ ഡയ്ബി സബാസ്റ്റ്യന്‍ എന്നിവരും അവസാന നാളില്‍ കേരളത്തിനായി സ്വര്‍ണനേട്ടം കൈവരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha