സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന് കിരീടം
അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സെന്റ് ജോര്‍ജിന്റെയും മാര്‍ബേസിലിന്റെയും കരുത്തില്‍ കൗമാര കായികമേളയുടെ കിരീടം എറണാകുളം ജില്ല ഏറ്റുവാങ്ങി. ഒറ്റപോയിന്റ് വ്യത്യാസത്തില്‍ അയല്‍ക്കാരായ മാര്‍ബേസിലിനെ മറികടന്നു എറണാകുളം ജില്ലയിലെ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ ചാമ്പ്യന്മാരായി. പാലക്കാട് പറളി എച്ച്.എസ്.എസിലെ മുഹമ്മദ് അഫ്‌സലിലും കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ സ്മൃതിമോള്‍ വി. രാജേന്ദ്രനും സീനീയര്‍ വിഭാഗം വ്യക്തിഗത ചാമ്പ്യന്മാരായി.
289 പോയിന്റ് നേടി എറണാകുളം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായപ്പോള്‍ റണ്ണര്‍ അപ്പായ പാലക്കാട് 190 പോയിന്റില്‍ ഒതുങ്ങി. 33 സ്വര്‍ണവും 28 വെള്ളിയും 20 വെങ്കലവുമാണ് എറണാകുളത്തിന്റെ സമ്പാദ്യം. പാലക്കാടിന് 15 സ്വര്‍ണം, 26 വെള്ളി 20 വെങ്കലം. മൂന്നാമതെത്തിയ കോഴിക്കോടിന് 156 പോയിന്റ്; 16 സ്വര്‍ണം, 17 വെള്ളി, 15 വെങ്കലം. 68 പോയിന്റുള്ള ആതിഥേയരായ തിരുവനന്തപുരമാണു നാലമത്. സ്‌കൂളുകളില്‍ ആദ്യ മൂന്നുദിവസവും മൂന്നാം സ്ഥാനത്തായിരുന്ന കോതമംഗലം സെന്റ് ജോര്‍ജ് അവസാനദിവസത്തെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഫോട്ടോ ഫിനിഷിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററാണ് സെന്റ് ജോര്‍ജിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
ഈയിനത്തില്‍ ബിബിന്‍ ജോര്‍ജിലൂടെ മാര്‍ ബേസില്‍ സ്വര്‍ണം നേടിയപ്പോള്‍ അഭിജിത് കെ. പ്രസാദിന്റെ വെങ്കലം സെന്റ് ജോര്‍ജിനെ ഒരു പോയിന്റ് ലീഡില്‍ ചാമ്പ്യന്മാരാക്കി. 83 പോയിന്റിനു ചാമ്പ്യന്മാരായ സെന്റ് ജോര്‍ജിന്റെ സമ്പാദ്യം 10 സ്വര്‍ണം, ഏഴു വെള്ളി, 12 വെങ്കലം. 82 പോയിന്റുമായി നിരാശയുടെ രണ്ടാം സ്ഥാനത്തായ മാര്‍ ബേസലിന് 12 സ്വര്‍ണം, ആറു വെള്ളി, നാലു വെങ്കലം. മീറ്റിന്റെ ആദ്യ മൂന്നു ദിനവും മുന്നിട്ടുനിന്ന പാലക്കാട് പറളി എച്ച്.എസാണ് 75 പോയിന്റുമായി മൂന്നാമത്; 10 സ്വര്‍ണം, ആറു വെള്ളി, ഏഴു വെങ്കലം. ഇന്നലെ മൂന്ന് റെക്കോഡുകള്‍ കൂടി പിറന്നതോടെ അത്‌ലറ്റിക് മീറ്റിലെ റെക്കോഡുകളുടെ എണ്ണം 15 ആയി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ അമല്‍ പി. രാഘവ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കോഴിക്കോട് ബാലുശേരി ജി.ജി.എച്ച്.എസ്.എസിലെ അബിത മേരി മാനുവല്‍, സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ അബ്ദുള്ള അബൂബക്കര്‍ എന്നിവരാണ് പുതിയ റെക്കോര്‍ഡിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha