ദേശീയ ഗെയിംസ് താരങ്ങള്‍ക്കെല്ലാം കഥകളി ശില്‍പം സമ്മാനിക്കുമെന്ന് സാംസ്‌കാരിക സമിതി
ഈ മാസം അവസാനത്തോടെ കേരളത്തിലെ ഏഴു ജില്ലകളിലായി നടക്കുന്ന ദേശീയ ഗെയിംസിനോടനുബന്ധിച്ചു കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഗെയിംസില്‍ മത്സരിക്കുന്ന എല്ലാവര്‍ക്കും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്ന കഥകളി ശില്‍പം സമ്മാനിക്കും. ഇന്നലെ തൃശൂരില്‍ ചേര്‍ന്ന നാഷണല്‍ ഗെയിംസ് സാംസ്‌കാരിക സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മത്സരജേതാക്കള്‍ക്കു നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഫൈന്‍ ആര്‍ട്‌സ് കോളജുകളിലെ വിദ്യാര്‍ഥികള്‍ അച്ചടിമികവിനെ വെല്ലുന്ന അക്ഷരവടിവോടെ എഴുതിയാണു തയ്യാറാക്കുക.
ജേതാക്കള്‍ക്കു സമ്മാനിക്കുള്ള സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളെല്ലാം സജ്ജമായി. ഇവ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ട്രഷറിയില്‍ സൂക്ഷിക്കും. ഓരോ ദിവസവും പഴയ കായിക താരങ്ങളെ ആദരിക്കും. വിക്ടറി സെറിമണിയില്‍ കേരളത്തനിമയുള്ള വേഷം ധരിച്ചാണു കോളജ് കുമാരികളായ കായികതാരങ്ങള്‍ പങ്കെടുക്കുക. ഇവര്‍ക്കു സര്‍ട്ടിഫിക്കറ്റു നല്‍കും. ഇവര്‍ക്കുള്ള പരിശീലന ക്യാമ്പ് 24നു തൃശൂരിലും 25നു തിരുവനന്തപുരത്തും നടക്കും.
ജേതാക്കള്‍ക്കു മെഡല്‍ സമ്മാനിക്കുന്നതിനുള്ള വിക്ടറി സ്റ്റാന്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തു മാത്രമാണ് ഇലക്‌ട്രോണിക് വിക്ടറി സ്റ്റാന്‍ഡ് ഉണ്ടാകുക. മറ്റ് ആറിടങ്ങളിലും അമ്മുവേഴാമ്പലിന്റെ ചിത്രം സഹിതമാണു വിക്ടറി സ്റ്റാന്‍ഡ് സജ്ജമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha