ദേശീയ ഗെയിംസിന്റെ അഞ്ചാംദിനത്തില്‍ കേരളത്തിന് 14 മെഡലുകള്‍
ദേശീയ ഗെയിംസിന്റെ അഞ്ചാംദിനത്തില്‍ കേരളത്തിന് അഞ്ച് സ്വര്‍ണമടക്കം 14 മെഡലുകള്‍. നീന്തല്‍ക്കുളത്തില്‍ അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയ സാജന്‍ പ്രകാശും റോവിംഗില്‍ ഇരട്ട സ്വര്‍ണം നേടിയ ഡിറ്റിമോള്‍ വര്‍ഗീസും ഷൂട്ടിംഗില്‍ രണ്ടാംസ്വര്‍ണം നേടിയ എലിസബത്ത് സൂസന്‍ കോശിയുമായിരുന്നു ഇന്നലത്തെ അഭിമാനതാരങ്ങള്‍.
പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തില്‍ 800 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലാണ് സാജന്‍ പ്രകാശ് ഇന്നലെ സ്വര്‍ണം നേടിയത്്. നാല് വ്യക്തിഗത സ്വര്‍ണങ്ങളും ഒരു റിലേ സ്വര്‍ണവുമായി സാജന്‍ ഈ ദേശീയ ഗെയിംസിലെ മെഡല്‍ വേട്ടക്കാരില്‍ ഒന്നാംസ്ഥാനത്താണ്. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ ശര്‍മ്മ എസ്.പി. നായര്‍ വെള്ളി നേടിയപ്പോള്‍ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ആനന്ദും ഡൈവിംഗില്‍ സിദ്ധാര്‍ത്ഥ് പര്‍ദേശിയും വെങ്കലങ്ങള്‍ നേടി. പുരുഷ, വനിതാ വാട്ടര്‍ പോളോകളില്‍ കേരള ടീം മെഡലുറപ്പിച്ചിട്ടുണ്ട്.
വേമ്പനാട്ട് കായലില്‍ മൂന്ന് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവുമായിരുന്നു കേരളത്തിന്റെ ഇന്നലത്തെ സമ്പാദ്യം. ഡിറ്റിമോള്‍ വര്‍ഗീസ് സിംഗിള്‍ സ്‌കള്ളിലും ഡബിള്‍ സ്‌കള്ളിലും സ്വര്‍ണം നേടി. കോക്‌ലെസ് ഫോറില്‍ എ. അശ്വനി, അഞ്ജലി രാജ്, നിമ്മി, ഹണി വര്‍ഗീസ് എന്നിവരും സ്വര്‍ണം നേടി. പുരുഷന്മാരുടെ കോക്‌ലെസ് ഫോറില്‍ വെങ്കലവും കോക്‌ലെസ് പെയേഴ്‌സില്‍ നിമ്മി ഹണി ജോസഫ് സഖ്യം വെള്ളിയും നേടി. ഇന്നലെ അവസാനിച്ച റേസിംഗില്‍ നാലുവീതം സ്വര്‍ണവും വെള്ളിയുമടക്കം ഒന്‍പത് മെഡലുകളാണ് കേരളം ആകെ നേടിയത്.
ജിംനാസ്റ്റിക്‌സില്‍ എം. വിനോദ് തന്റെ രണ്ടാം വെങ്കലം നേടി. ആറ്റിങ്ങലില്‍ നടന്ന വനിതാ ഖോഖോയില്‍ മഹാരാഷ്ട്രയോട് തോറ്റ കേരളം വെള്ളിയിലൊതുങ്ങി. വെള്ളായണിയില്‍ നെറ്റ്ബാളിലും നെടുമ്പാശേരിയില്‍ ലോണ്‍ബാളിലും വെങ്കലവും കേരളത്തിന് ലഭിച്ചു.
29 സ്വര്‍ണവും 10 വീതം വെള്ളിയും വെങ്കലവുമായി 49 മെഡലുകള്‍ നേടിയ സര്‍വീസസാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. ഇന്നലെ വരെ ഒന്നാംസ്ഥാനത്തായിരുന്ന ഹരിയാന 25 സ്വര്‍ണമടക്കം 42 മെഡലുകളുമായി തൊട്ടുപിന്നിലുണ്ട്. 21 സ്വര്‍ണമടക്കം 64 മെഡലുകള്‍ നേടിയ മഹാരാഷ്ട്രയാണ് മൂന്നാംസ്ഥാനത്ത്. 12 സ്വര്‍ണവും 10 വെള്ളിയും 16 വെങ്കലവുമടക്കം 38 മെഡലുകള്‍ നേടിയ കേരളം നാലാംസ്ഥാനത്ത് തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha