അത്‌ലറ്റിക്‌സ് : വനിതകളുടെ 400 മീറ്ററിലും ലോങ്ജമ്പിലും സ്വര്‍ണവും വെള്ളിയും കേരളത്തിന്
വനിതകളുടെ 400 മീറ്ററിലും ലോങ്ജമ്പിലും സ്വര്‍ണവും വെള്ളിയും കേരളത്തിന്. 400 മീറ്ററില്‍ കേരളത്തിന്റെ അനില്‍ഡ തോമസ് മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയപ്പോള്‍ ലോങ് ജമ്പില്‍ നീന വി ആണ് കേരളത്തിനായി സ്വര്‍ണം ചാടിയെടുത്തത്.
52.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് 400 മീറ്ററില്‍ അനില്‍ഡ തോമസ് സ്വര്‍ണം നേടിയത്. 54.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അനു രാഘവനാണ് വെള്ളി. ഹരിയാനയുടെ നിര്‍മല 55.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടിയപ്പോള്‍ കേരളത്തിന്റെ അനു മറിയം ജോസിന് (55.97) നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായി.
ലോങ് ജമ്പില്‍ നീന വി 6.39 മീറ്റര്‍ ചാടിയാണ് കേരളത്തിനായി അപ്രതീക്ഷിത സ്വര്‍ണം കരസ്ഥമാക്കിയത്. കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന പ്രജുഷ പിറ്റില്‍ 6.25 മീറ്റര്‍ ദൂരത്തില്‍ വെള്ളി കണ്ടെത്തി. പഞ്ചാബിന്റെ ഭൂമികയ്ക്കാണ് (6.23) മീറ്റര്‍ വെങ്കലം.
വനിതാ വിഭാഗം പോള്‍വാള്‍ട്ടിലും കേരളം രണ്ട് മെഡല്‍ നേടി. വെള്ളിയും വെങ്കലവുമാണ് കേരളം ഈ ഇനത്തില്‍ നേടിയത്. 3.6 മീറ്റര്‍ ചാടി സുജ ചന്ദ്രന്‍ വെള്ളിയും 3.4 മീറ്റര്‍ ചാടിയ സിഞ്ചു പ്രകാശ് വെങ്കലവും കേരളത്തിന്റെ മെഡല്‍ പട്ടികയില്‍ ചേര്‍ത്തു. 4 മീറ്റര്‍ ചാടിയ തമിഴ്‌നാടിന്റെ സുരേഖയ്ക്കാണ് പോള്‍വാള്‍ട്ടില്‍ സ്വര്‍ണം.
പുരുഷന്‍മാരുടെ 1500 മീറ്ററില്‍ കേരളത്തിന്റെ സജീഷ് ജോസഫ് നേടിയ വെള്ളിയാണ് ട്രാക്കില്‍ നിന്നുള്ള കേരളത്തിന്റെ മറ്റൊരു മെഡല്‍.
https://www.facebook.com/Malayalivartha