കൊല്ലത്ത് ഹോക്കി അക്കാഡമി ആരംഭിക്കാന്‍ ശ്രമം
ഹോക്കിയിലേയ്ക്ക് കൂടുതല്‍ കുട്ടികളെയും യുവാക്കളെയും ആകര്‍ഷിക്കാന്‍ ഹോക്കി കേരള തയ്യാറെടുപ്പുകള്‍ നടത്തുന്നു. അന്താരാഷ്ട്രനിലവാരത്തിലുള്ള അസ്‌ട്രോ ടര്‍ഫ് സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊല്ലത്ത് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ഹോക്കി അക്കാഡമി ആരംഭിക്കാനാണ് ശ്രമം. മുഖ്യമന്ത്രി, കായികമന്ത്രി എന്നിവരെ അക്കാഡമിയുടെ ആവശ്യകത ഇതിനകം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. അക്കാഡമിയുടെ രൂപരേഖയും പദ്ധതിയും തയ്യാറാക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അവരുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ചതായി ഹോക്കി കേരള സെക്രട്ടറി അഫ്‌സര്‍ അഹമ്മദ് പറഞ്ഞു.
കുട്ടികള്‍, യുവാക്കള്‍, നിലവിലുള്ള കളിക്കാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുംപെട്ടവര്‍ക്ക് സമഗ്രപരിശീലനത്തിന് അവസരം നല്‍കുകയാണ് അക്കാഡമി കൊണ്ട് ലക്ഷ്യമാക്കുന്നത്. കൊല്ലത്ത് സ്‌റ്റേഡിയം ഉണ്ടെങ്കിലും പരിശീലനച്ചെലവ് ഏറെയുള്ളതിനാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സര്‍ക്കാരിന്റെയും നിര്‍ലോഭമായ സഹകരണവും സഹായവും അക്കാഡമിക്ക് ലഭിക്കേണ്ടതുണ്ടെന്നും അഫ്‌സര്‍ അഹമ്മദ് ചൂണ്ടിക്കാട്ടി.
ഹോക്കിയില്‍ സമഗ്രപരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ നിലവിലില്ല . എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോക്കി പരിശീലനകേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ ഉയര്‍ന്ന് വരുന്നുമില്ല. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പരിശീലനകേന്ദ്രം ഉണ്ടാകുകയാണെങ്കില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മികവ് പുലര്‍ത്തുന്ന കളിക്കാരെ കേരളത്തില്‍ നിന്ന് വാര്‍ത്തെടുക്കാനാകും. അസ്്്‌ട്രോ ടര്‍ഫ് സ്‌റ്റേഡിയത്തില്‍ വേണ്ടത്ര പരിശീലനം ലഭിക്കാതിരുന്നിട്ടും ദേശീയ ഗെയിംസില്‍ കേരള പുരുഷ-വനിതാ ടീമുകള്‍ ഒരോ കളി കഴിയുമ്പോഴും കൂടുതല്‍ മികവ് പ്രകടിപ്പിച്ചിരുന്നു. അവര്‍ക്ക് മികച്ച പരിശീലനം നല്‍കിയാല്‍ അടുത്ത ദേശീയ ഗെയിംസിലെങ്കിലും കേരളത്തിന് നാണക്കേടുണ്ടാകാതിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അക്കാഡമിക്കൊപ്പം കളിമെച്ചപ്പെടുത്തുന്ന രീതിയില്‍ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ നടത്തേണ്ടത് അനിവാര്യമാണ്. കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയം പൂര്‍ണ അര്‍ത്ഥത്തില്‍ സംരക്ഷിക്കുന്നതിന് അവിടെ കൂടെക്കൂടെ കളി നടത്തേണ്ടതും അത്യന്താപേക്ഷിതമാണ്. ആഭ്യന്തര ടൂര്‍ണമെന്റുകള്‍ കളിക്കാരുടെ വളര്‍ച്ചയ്ക്കും സ്‌റ്റേഡിയത്തിന്റെ സംരക്ഷണത്തിനും ഒഴിവാക്കാനാകാത്തതാണ്. സര്‍ക്കാര്‍ എല്‍പ്പിക്കുകയാണെങ്കില്‍ കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയമായ ധ്യാന്‍ചന്ദ് പ്‌ളാസയുടെ സംരക്ഷമച്ചുമതല ഏറ്റെടുക്കാനും കേരള ഹോക്കി തയ്യാറാണെന്ന് സെക്രട്ടറി അറിയിച്ചു. സ്‌റ്റേഡിയത്തില്‍ ഇനിയും ബാക്കിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇക്കാര്യവും സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാനാണ് കേരള ഹോക്കിയുടെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha