ദ്രോണാചാര്യ പുരസ്‌കാരം: പട്ടികയ്ക്ക് കായിക മന്ത്രാലയം അംഗീകാരം നല്‍കി
കായിക മേഖലയിലെ പരിശീലകര്‍ക്ക് നല്‍കുന്ന പരമോന്നത പുരസ്‌കാരമായ ദ്രോണാചര്യയ്ക്കുള്ള അന്തിമ പട്ടികയ്ക്ക് കായിക മന്ത്രാലയം അംഗീകാരം നല്‍കി. അഞ്ചു പേരുടെ പട്ടികയാണ് അംഗീകരിച്ചത്. അനൂപ് സിംഗ് (ഗുസ്തി), നവല്‍ സിംഗ്( പാരാലിമ്പിക്‌സ്) എന്നിവരെ 2011-2014 വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവ് പരിഗണിച്ചും നിഹാര്‍ അമീന്‍ (നീന്തല്‍), എസ്.ആര്‍ സിംഗ് (ബോക്‌സിംഗ്), ഹര്‍ബന്‍സ് സിംഗ് (അത്‌ലറ്റിക്‌സ്) എന്നിവരെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിലും ഉള്‍പ്പെടുത്തിയാണ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.
റോമിയോ ജെയിംസ് (ഹോക്കി), ശിവ പ്രകാശ് മിശ്ര (ടെന്നീസ്), ടി.പി.പി നായര്‍(വോളിബോള്‍) എന്നിവരെ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനും പരിഗണിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഇരു പുരസ്‌കാരങ്ങളും. ഇവയ്ക്കു പുറമേ രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാര്‍ ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ കൂടി ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, സത്യവര്‍ത്ത് കദിയന്‍, ബജ്‌രംഗ്, അമിത് ദഹിയ തുടങ്ങിയ 58 ഓളം ഗുസ്തി താരങ്ങളുടെ പരിശീലകനാണ് അനൂപ് സിംഗ്. മൂന്നു തവണ ദേശീയ ചാമ്പ്യനനായ രാജ്യാന്തര താരവുമാണ് സിംഗ്. ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29-ന് പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha