നദാല്‍ തിരിച്ചെത്തുന്നു... ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ 2024 ഫെബ്രുവരി 19ന്
നദാല്‍ തിരിച്ചെത്തുന്നു... ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ 2024 ഫെബ്രുവരി 19ന്. ഫെബ്രുവരി 19 മുതല്‍ 24 വരെ ദോഹയിലെ ഖലീഫ അന്താരാഷ്ട്ര ടെന്നിസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്സില്‍ നടക്കുന്ന ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണില്‍ 22 തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ റാഫേല്‍ നദാല്‍ അടക്കമുള്ള ലോകോത്തര താരങ്ങള്‍ റാക്കറ്റേന്തും. പരിക്ക് കാരണം ആസ്ട്രേലിയന്‍ ഓപണില്‍നിന്ന് പിന്‍വാങ്ങിയ റാഫേല്‍ നദാല്‍ ദോഹയിലൂടെയാണ് കോര്‍ട്ടിലേക്ക് തിരികെയെത്തുക.
2014ല്‍ ദോഹയില്‍ ചാമ്പ്യനും 2016ല്‍ റണ്ണറപ്പുമായിരുന്നു. നദാലിനെ കൂടാതെ, നിലവിലെ ചാമ്പ്യനും ലോക മൂന്നാം നമ്പര്‍ താരവുമായ ഡാനില്‍ മെദ്‌വ്യദേവ്, ലോക അഞ്ചാം നമ്പര്‍ താരം ആന്ദ്രേ റുബ്ലേവ്, രണ്ടുതവണ ഖത്തര്‍ ഓപണ്‍ ചാമ്പ്യനും മൂന്ന് ഗ്ലാന്‍ഡ്സ്ലാം കിരീട ജേതാവുമായ ആന്‍ഡി മറേ തുടങ്ങിയ താരങ്ങളും ദോഹയിലെത്തും.
അടുത്തിടെ നവീകരിച്ച എ.ടി.പി 500 ടൂര്‍ണമെന്റ്, എ.ടി.പി ടൂര്‍ കലണ്ടറിലെ സിഗ്‌നേച്ചര്‍ ഇവന്റുകളിലൊന്നായി വളര്‍ന്നിരിക്കുന്നു.ഈ വര്‍ഷം നടക്കുന്ന ടെന്നിസ് ടൂര്‍ണമെന്റിനായി നദാലുള്‍പ്പെടെയുള്ള താരങ്ങളുടെ മടങ്ങിവരവ് അറിയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഖത്തര്‍ ടെന്നിസ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ താരിഖ് സൈനല്‍ പറഞ്ഞു. 1993ല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള പതിപ്പുകളിലെല്ലാം ലോകോത്തര താരങ്ങളാണ് എത്തിയിട്ടുള്ളത്.
ഓരോ വര്‍ഷം കഴിയും തോറും ടൂര്‍ണമെന്റ് വളര്‍ന്നുകൊണ്ടിരിക്കുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ വലിയ ആരാധക പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത് കൂട്ടിച്ചേര്‍ത്ത് താരിഖ് സൈനല്‍.
https://www.facebook.com/Malayalivartha