വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...
വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍. വനിതാ ഏകദിനത്തില്‍ സ്‌കോര്‍ പിന്തുടര്‍ന്നു ഏറ്റവും വലിയ വിജയം സ്വന്തമാക്കുന്ന ടീമായി മാറി ശ്രീലങ്ക.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയം പിടിച്ചെടുത്താണ് ശ്രീലങ്കന്‍ വനിതകള്‍ പുതിയ ചരിത്രം എഴുതി പിടിപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു. മറുപടി നല്‍കിയ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 44.3 ഓവറില്‍ 305 റണ്‍സെടുത്താണ് ചരിത്ര വിജയം സ്വന്തമാക്കിയത്.
ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1നു സമനിലയില്‍ അവസാനിച്ചു. ആദ്യ മത്സരം ഉപേക്ഷിച്ചിട്ടുണ്ടായിരുന്നു.ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവിന്റെ ഉജ്ജ്വല സെഞ്ച്വറിയാണ് ലങ്കന്‍ ജയത്തിന്റെ കാതല്‍. താരം 139 പന്തില്‍ 26 ഫോറും അഞ്ച് സിക്സും സഹിതം 195 റണ്‍സുമായി പുറത്താകാതെ നിന്നു. സിക്സടിച്ചാണ് താരം ലങ്കന്‍ ജയം പൂര്‍ത്തിയാക്കിയത്. വനിതാ ഏകദിനത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വ്യക്തിഗത സ്‌കോറും താരം സ്വന്തമാക്കി.
ചെയ്സ് ചെയ്ത ടീമിനു വേണ്ടി ഏകദിന ക്രിക്കറ്റില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡില്‍ താരത്തിന്റെ പ്രകടനം രണ്ടാം സ്ഥാനത്തെത്തി. പുരുഷ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയെ അത്ഭുത വിജയത്തിലേക്ക് നയിച്ച മാക്സ്വെല്‍ (201) മാത്രമാണ് ചമരിക്ക് മുന്നിലുള്ളത്. ചമരിക്കൊപ്പം വിജയത്തില്‍ അര്‍ധ സെഞ്ച്വറി (50)യുമായി നിലാക്ഷിക ദില്‍ഹരിയും ക്രീസിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha