യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...
യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദ മത്സരത്തിലെ കനത്ത തോല്‍വിയാണ് ചെമ്പടക്ക് തിരിച്ചടിയായി മാറിയത്.
ആദ്യപാദത്തില്‍ 3-0ത്തിന് തോറ്റ യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘം രണ്ടാംപാദത്തില്‍ എതിരില്ലാത്ത ഒറ്റ ഗോളിനാണ് ജയിച്ചുകയറിയത്. ആകെ 3-1 സ്‌കോറിലാണ് അത്‌ലാന്റ സെമിയിലേക്ക് മുന്നേറിയത്. ആറ് മാറ്റങ്ങളോടെയാണ് ക്ലോപ്പ് ടീമിനെ ഇറക്കിയത്.
മത്സരത്തില്‍ 70 ശതമാനവും പന്ത് നിയന്ത്രണത്തിലാക്കുകയും ഏഴാം മിനിറ്റില്‍ തന്നെ മുഹമ്മദ് സലാഹിന്റെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തുകയും ചെയ്‌തെങ്കിലും പിന്നീട് എതിര്‍ പ്രതിരോധം ഭേദിക്കാനായില്ല.
അലക്‌സാണ്ടര്‍ ആര്‍നോള്‍ഡ് ബോക്‌സിലേക്കടിച്ച ക്രോസ് എതിര്‍താരത്തിന്റെ കൈയില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. ഇതിന്റെ ആത്മവിശ്വാസത്തില്‍ ലിവര്‍പൂള്‍ ആക്രമിച്ചുകയറിയെങ്കിലും ലൂയിസ് ഡയസിന്റെയും സൊബോസ്‌ലായിയുടെയും ശ്രമങ്ങള്‍ എതിര്‍ ഗോള്‍കീപ്പര്‍ പരാജയപ്പെടുത്തി. ഇടവേളക്ക് തൊട്ടുമുമ്പ് അറ്റ്‌ലാന്റ ഗോള്‍ തിരിച്ചടിച്ചെങ്കിലും ഓഫ്‌സൈഡ് കെണിയില്‍ കുടുങ്ങുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അറ്റ്‌ലാന്റയുടെ രണ്ട് ഗോള്‍ശ്രമങ്ങള്‍ അലിസണ്‍ ബെക്കര്‍ കൈയിലൊതുക്കി. ഡാര്‍വിന്‍ ന്യൂനസ്, ഡിയോഗോ ജോട്ട, ഹാര്‍വി എലിയട്ട് തുടങ്ങിയവരെ കൊണ്ടുവന്നെങ്കിലും പിന്നീട് എതിര്‍ വല കുലുക്കാന്‍ ലിവര്‍പൂളിനായില്ല.
"
https://www.facebook.com/Malayalivartha