പ്രഗ്‌നാനന്ദ ഫിഡെ റാങ്കിംഗില്‍ പത്താം റാങ്കിലേക്ക്
നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ നിലവിലെ ഒന്നാം റാങ്കുകാരന്‍ മാഗ്‌നസ് കാള്‍സന്‍, രണ്ടാം റാങ്കുകാരന്‍ ഫാബിയോ കരുവാന എന്നിവര്‍ക്ക് പിന്നാലെ നിലവിലെ ലോക ചാമ്പ്യന്‍ ഡിംഗ് ലിറെനെയും തോല്‍പ്പിച്ച് ഇന്ത്യന്‍ യുവതാരം പ്രഗ്‌നാനന്ദ.
ഇന്നലെ നടന്ന ആറാം റൗണ്ട് പോരാട്ടത്തില്‍ ക്‌ളാസിക്കല്‍ ഫോര്‍മാറ്റില്‍ നടന്ന മത്സരം സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെ നടന്ന അര്‍മാഗെഡോണ്‍ മത്സരത്തിലാണ് പ്രഗ്ഗ് ലിറനെ തോല്‍പ്പിച്ചത്. .ഈ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ലിറെനോട് ടൈബ്രേക്കറില്‍ തോറ്റതിന് പകരം വീട്ടുകയായിരുന്നു പ്രഗ്‌നാനന്ദ. ആറ് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ മൂന്ന് ക്‌ളാസിക്കല്‍ വിജയങ്ങള്‍ നേടിയ പ്രഗ്‌നാനന്ദ 11 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 13 പോയിന്റുമായി കാള്‍സണ്‍ ഒന്നാമതും 12.5 പോയിന്റുമായി ഹിക്കാരു നക്കാമുറ രണ്ടാമതുമുണ്ട്.
ഏഴാം റൗണ്ടില്‍ കാള്‍സനെ പ്രഗ് വീണ്ടും നേരിടും.മാഗ്‌നസ് കാള്‍സനെ മൂന്നാം റൗണ്ടിലാണ് പ്രഗ് തോല്‍പ്പിച്ചിരുന്നത്. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെതിരേ പ്രഗ്‌നാനന്ദയുടെ ആദ്യ ജയമായിരുന്നു ഇത്. ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ അലിറേസ ഫിറോസയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചിരുന്നു.
അഞ്ചാം റൗണ്ടിലാണ് ലോക രണ്ടാം നമ്പര്‍ താരം ഫാബിയോ കരുവാനയെ തോല്‍പ്പിച്ചത്. ഇതോടെ പ്രഗ്‌നാനന്ദ ഫിഡെ റാങ്കിംഗില്‍ പത്താം റാങ്കിലേക്ക് ഉയര്‍ന്നിരുന്നു.
ഇതാദ്യമായാണ് പ്രഗ്‌നാനന്ദ ടോപ് ടെന്നില്‍ എത്തുന്നത്. നിലവില്‍ ഏഴാം സ്ഥാനത്തുള്ള ഡി.ഗുകേഷാണ് ഫിഡെ റാങ്കിംഗില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം.
https://www.facebook.com/Malayalivartha