ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് കോഴിക്കോട് തുടക്കമായി; ആദ്യ മൂന്നു സ്വര്‍ണം കേരളത്തിന്
ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ ഫൈനലോടെയാണ് ട്രാക്കുണര്‍ന്നത്. മല്‍സരത്തില്‍ കേരളത്തിന്റെ ജിപിന്‍ ഒന്നാമതെത്തി. ഇതുള്‍പ്പെടെ ആദ്യ ദിനം ആറിനങ്ങളിലാണ് ഫൈനല്‍ പോരാട്ടങ്ങള്‍.
സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ വിഭാഗത്തില്‍ പി.ആര്‍.അലീഷ സ്വര്‍ണവും സാന്ദ്ര എസ്.നായര്‍ വെള്ളിയും നേടി. ഇതോെട ആദ്യ മൂന്നു സ്വര്‍ണവും ആദ്യ വെള്ളിയും കേരളം സ്വന്തമാക്കി.
വൈകിട്ട് നാലു മണിക്കു വിവിധ സംസ്ഥാനങ്ങളിലെ അത്‌ലറ്റുകളുടെ മാര്‍ച്ച് പാസ്‌റ്റോടെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും.
95 ഇനങ്ങളില്‍ നടക്കുന്ന മത്സരത്തിനായി ഇതുവരെ 2695 മല്‍സരാര്‍ഥികള്‍ റജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ അത്‌ലറ്റുകള്‍ എത്തിയത് സിബിഎസ്ഇ വെല്‍ഫെയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനില്‍ നിന്നാണ്. 174 പേരാണ് വിവിധ ഇനങ്ങളിലായി അവര്‍ക്കായി ട്രാക്കിലിറങ്ങുക. രണ്ടു പേരെ പങ്കെടുപ്പിച്ച് ഛണ്ഡീഗഡാണ് ഏറ്റവും പിറകില്‍.
സ്‌റ്റേഡിയത്തില്‍ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനവും ലഭ്യമാകും. സ്‌റ്റേഡിയത്തില്‍ 100 പേര്‍ക്ക് താമസ സൗകര്യമുണ്ട്. വാംഅപ് ഏരിയയും തയാറായിട്ടുണ്ട്. കാണികള്‍ക്കു വെയിലേല്‍ക്കാതെ മല്‍സരങ്ങള്‍ കാണാനായി ഗാലറികള്‍ക്ക് പന്തല്‍ തയാറായിട്ടുണ്ട്. അഞ്ഞൂറു പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക ഗാലറിയും നിര്‍മിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല. കോഴിക്കോട് ജില്ലയിലെ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കി. സോളാര്‍ വിഷയത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്നേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണിത്. വിധി മറക്കാനും രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കാനും തലസ്ഥാനത്ത് തിരിക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി മേളയ്‌ക്കെത്തിയാല്‍ വന്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. സോളര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ വന്‍ പ്രതിഷേധമാണ് നടത്തുന്നത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഇന്നലെ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് പരിപാടികള്‍ റദ്ദാക്കുന്നതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേശീയ സ്‌കൂള്‍ ഗെയിംസ് പോലുള്ള പ്രാധാന്യമര്‍ഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എത്തുമ്പോള്‍ പ്രതിഷേധത്തിനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha