പാരിസ് ഒളിംപിക്‌സ് വനിതാ 100 മീറ്റര്‍ ഫൈനലില്‍ ചാംപ്യനായി ജൂലിയന്‍ ആല്‍ഫ്രഡ്
പാരിസ് ഒളിംപിക്‌സ് വനിതാ 100 മീറ്റര്‍ ഫൈനലില്‍ ചാംപ്യനായി ജൂലിയന്‍ ആല്‍ഫ്രഡ്. ഒളിമ്പിക്‌സില്‍ വനിതകളുടെ അതിവേഗപ്പോരാട്ടത്തില്‍ സെന്റ് ലൂസിയയില്‍ നിന്ന് ഒരു അപ്രതീക്ഷിത സൂപ്പര്‍ സ്റ്റാര്‍.
പാരിസ് ഒളിംപിക്‌സ് വനിതാ 100 മീറ്റര്‍ ഫൈനലില്‍ യുഎസിന്റെയും ജമൈക്കയുടെയും കുത്തക തകര്‍ത്ത് സെന്റ് ലൂസിയയുടെ ജൂലിയന്‍ ആല്‍ഫ്രഡ് ചാംപ്യനായി. 10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആല്‍ഫ്രഡ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത് നിലവിലെ ലോക ചാംപ്യന്‍ യുഎസിന്റെ ഷാകെറി റിച്ചഡ്‌സനെ (10.87 സെക്കന്‍ഡ്). മറ്റൊരു യുഎസ് താരം മെലിസ ജെഫേഴ്‌സനാണ് വെങ്കലം (10.92 സെക്കന്‍ഡ്).
യുഎസ് താരം ഷാകെറിയും ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസറും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ കണക്കൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു ഇന്നലെ ഇരുപത്തിമൂന്നുകാരി ജൂലിയന്‍ ആല്‍ഫ്രഡിന്റെ കുതിച്ചോട്ടം. 2 തവണ ഒളിംപിക്‌സ് ചാംപ്യനായ ഷെല്ലി ആന്‍ ഫ്രേസര്‍ സെമിഫൈനല്‍ മത്സരത്തിനു മുന്‍പേ പിന്‍മാറിയതോടെ എല്ലാവരുടെയും കണ്ണുകള്‍ ഷാകെറിയിലേക്കു മാത്രമായി.
എന്നാല്‍ ആദ്യ സെമിഫൈനലില്‍ ഷാകെറിയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തിയ ജൂലിയന്‍ വരാനിരിക്കുന്ന വലിയ അട്ടിമറിയുടെ സൂചന നല്‍കി. 10.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആല്‍ഫ്രഡ് സെമിയിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ഫൈനലിലേക്കു കുതിച്ചത്.
കരീബിയന്‍ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയുടെ ആദ്യ ഒളിംപിക്‌സ് മെഡല്‍ കൂടിയാണ് ജൂലിയന്‍ ആല്‍ഫ്രഡിലൂടെ ഇന്നലെ യാഥാര്‍ഥ്യമായത്.
https://www.facebook.com/Malayalivartha