ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മെഡല്‍ നേടി രണ്ടര മാസത്തിന് ശേഷമാണ് ചടങ്ങ് സംഘടിപ്പിക്കാനായി സര്‍ക്കാരിന്റെ തീരുമാനമായത്.
നേരത്തെ ഇന്ത്യന്‍ പരിശീലകനെ സര്‍ക്കാര്‍ തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തി അധിക്ഷേപിച്ചിട്ടുണ്ടായിരുന്നു. കായിക-വിദ്യാഭ്യാസ വകുപ്പുകളുടെ തര്‍ക്കത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാസം ചടങ്ങ് നടത്താതെ മാറ്റിയത്.
ഇതൊന്നും അറിയാതെ താരം തലസ്ഥാനത്ത് വരികയും ചെയ്തിട്ടുണ്ടായിരുന്നു. ഓഗസ്റ്റ് എട്ടിനാണ് ശ്രീജേഷ് അടങ്ങുന്ന ഇന്ത്യന്‍ ടീം 2-1ന് സ്‌പെയിനിനെ പരാജയപ്പെടുത്തി വെങ്കലം കരസ്ഥമാക്കിയത്.
ക്രെഡിറ്റ് എടുക്കാനുള്ള തര്‍ക്കത്തിന്റെ പേരിലാണ് അനുമോദന ചടങ്ങ് നീണ്ടുപോയത്. ഒക്ടോബര്‍ 30-ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് കായിക വകുപ്പ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 കോടി രൂപ പാരിതോഷികം ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കുന്നതാണ്. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്യുന്നതാണ്.
"
https://www.facebook.com/Malayalivartha