വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് കിരീടപ്പോരാട്ടം

വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് കിരീടപ്പോരാട്ടം. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കഴിഞ്ഞ രണ്ടുതവണയും റണ്ണറപ്പായ ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് മത്സരം. എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്സിനെ തകര്‍ത്തായിരുന്നു മുംബൈയുടെ മുന്നേറ്റം.ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി നേരിട്ട് ഫൈനലില്‍ കടന്നു. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. ഓള്‍റൗണ്ട് മികവിലായിരുന്നു മുംബൈയുടെ കുതിപ്പ്.
ഇംഗ്ലീഷുകാരി നാത് സ്‌കീവര്‍ ബ്രുന്റ് (493 റണ്‍, 9 വിക്കറ്റ്), വെസ്റ്റിന്‍ഡീസ് താരം ഹെയ്ലി മാത്യൂസ് (17 വിക്കറ്റ്, 304 റണ്‍) എന്നിവരാണ് മുംബൈയുടെ കരുത്ത്. ഗുജറാത്തിനെതിരെ തകര്‍പ്പന്‍ കളിയായിരുന്നു. ആദ്യ സീസണില്‍ മുംബൈയെ ചാമ്പ്യന്‍മാരാക്കിയതും സ്‌കീവര്‍ ബ്രുന്റും മാത്യൂസും ചേര്‍ന്നായിരുന്നു.
ഡല്‍ഹിക്ക് ഓസ്ട്രേലിയക്കാരി മെഗ് ലാന്നിങ്ങിന്റെ ഒന്നാന്തരം പ്രകടനമാണ് ആത്മവിശ്വാസം പകരുന്നത്. ഓസീസ് വനിതാ ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ലാന്നിങ് വനിതാ പ്രീമിയര്‍ ലീഗില്‍ ഒരു കിരീടം ആഗ്രഹിക്കുന്നുണ്ട്. ഡല്‍ഹിക്ക് ഐപിഎല്‍ ക്രിക്കറ്റിലും കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.
മികച്ച റണ്‍നിരക്കിലാണ് ഡല്‍ഹി ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തിയത്. ബൗളിങ്ങാണ് അവരുടെ ശക്തി. സ്പിന്നര്‍ ജെസ് ജൊനാസെനും പേസര്‍ ശിഖാ പാണ്ഡെയുമാണ് മുന്നില്‍. ഇരുവരും 11 വീതം വിക്കറ്റ് നേടിയിട്ടുണ്ട്. ലീഗ് ഘട്ടത്തിലെ അവസാനകളിയില്‍ മുംബൈയെ 123 റണ്ണിന് ഒതുക്കിയത് ഇരുവരുടെയും മികവായിരുന്നു. കളിയില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം.ആ കളിയില്‍ മാത്രമാണ് സ്‌കീവര്‍ ബ്രുന്റ് പരാജയപ്പെട്ടത്. മുംബൈക്കായി സീസണില്‍ ഒമ്പതു കളിയില്‍ അഞ്ച് അര്‍ധസെഞ്ചുറി കുറിച്ചു. ന്യൂസിലന്‍ഡുകാരി അമേലിയ കെറാണ് മുംബൈയുടെ മറ്റൊരു പ്രധാന താരം. 16 വിക്കറ്റ് നേടി. സന്‍സ്‌കൃതി ഗുപ്തയാണ് മറ്റൊരു സ്പിന്നര്‍.ഡല്‍ഹി ബാറ്റിങ് നിരയില്‍ ഷഫാലി വര്‍മ നല്‍കുന്ന തുടക്കമാണ് നിര്‍ണായകമാകുക.
"
https://www.facebook.com/Malayalivartha