ഫുട്ബാള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് വീണ്ടുമൊരു എല്‍ ക്ലാസികോ ഫൈനല്‍...

ഫുട്ബാള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് വീണ്ടുമൊരു എല്‍ ക്ലാസികോ ഫൈനല്‍. കോപ ഡെല്‍ റേ കലാശപോരിലാണ് വമ്പന്മാരായ റയല്‍ മഡ്രിഡും ബാഴ്‌സലോണയും ഏറ്റുമുട്ടുന്നത്.
സ്പാനിഷ് കപ്പില്‍ എട്ടാം തവണയാണ് എല്‍ ക്ലാസികോ ഫൈനലിന് കളമൊരുങ്ങുന്നത്. മഡ്രിഡിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ സെമിയില്‍ അത്‌ലറ്റികോ മഡ്രിഡിനെ ഒരു ഗോളിന് കീഴടക്കിയാണ് കറ്റാലന്‍സ് ഫൈനലിന് ടിക്കറ്റെടുത്തത്.
ആദ്യപാദ മത്സരത്തില്‍ ഇരുവരും നാലു ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിട്ടുണ്ടായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 5-4. ഈമാസം 26ന് സെവിയ്യയിലാണ് ഫൈനല്‍. റയല്‍ സോസിഡാഡിനെ ഇരുപാദങ്ങളിലുമായി 5-4 എന്ന സ്‌കോറിന് വീഴ്ത്തിയാണ് റയല്‍ മഡ്രിഡ് ഫൈനലിലെത്തിയത്.
ആദ്യ പകുതിയില്‍ ഫെറാന്‍ ടോറസാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. 27ാം മിനിറ്റില്‍ കൗമാരതാരം ലമീന്‍ യമാലാണ് ഗോളിന് വഴിയൊരുക്കിയത്. മികച്ച മുന്നേറ്റങ്ങളുമായി ബാഴ്‌സ കളംനിറഞ്ഞെങ്കിലും അത്‌ലറ്റികോയുടെ പ്രതിരോധമാണ് തോല്‍വി ഭാരം കുറച്ചത്.
ബ്രസീല്‍ താരം റാഫിഞ്ഞയും യമാലും പലതവണ അത്‌ലറ്റികോ ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തി. യൂറോപ്പിലെ ടോപ് ഫൈ ലീഗില്‍ 2025ല്‍ തോല്‍വിയറിയാതെ കുതിക്കുകയാണ് ബാഴ്‌സ.
https://www.facebook.com/Malayalivartha