തമിഴ്‌നാട് ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്ടന്‍ കാലിയ കുലോത്തുങ്കന്‍ ബൈക്കപകടത്തില്‍ മരിച്ചു, അപകടം നടന്നത് തഞ്ചാവൂരില്‍
തമിഴ്നാട് ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്ടന്‍ കാലിയ കുലോത്തുങ്കന്‍ (41) ബൈക്കപകടത്തില്‍ മരിച്ചു. ജന്മനാടായ തഞ്ചാവൂരിലായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
കൊല്‍ക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. തമിഴ്‌നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്‌നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്. ഉയരക്കുറവിനെ വേഗതകൊണ്ടും പന്തടക്കം കൊണ്ടും മറികടന്നിരുന്ന അദ്ദേഹത്തിന്റെ നീക്കങ്ങള്‍ കാണികളുടെ ശ്രദ്ധ ഏറെ പിടിച്ചുപറ്റിയിരുന്നു.
2003ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബാളില്‍ ജേതാക്കളാകുമ്പോള്‍ ബൈചുങ് ബുട്ടിയ, ഒക്കൊരു, രാമന്‍ വിജയന്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാലിയ കുലോത്തുങ്കന്.
2003-2004 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007ല്‍ പുതുതായി രൂപം കൊണ്ട മുംബൈ എഫ്.സി ഐ ലീഗ് ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടുന്നതിലും കാലിയ കുലോത്തുങ്കന്റെ പങ്ക് വളരെ വലുതായിരുന്നു.
https://www.facebook.com/Malayalivartha