സന്ദീപ് കൗര്‍; ഇടിക്കൂട്ടില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്ന 16-കാരി
പാട്യാലയിലെ ഹസന്‍പൂര്‍ ഗ്രാമക്കാരിയായ സന്ദീപ് ജീവിത സാഹചര്യങ്ങളോട് പടവെട്ടിയായിരുന്നു ബോക്‌സിംഗില്‍ വിജയം താണ്ടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉഴറുമ്പോഴും, അയല്‍ക്കാര്‍ മകളോട് കായികരംഗം വിടാന്‍ പറയാന്‍ ആവശ്യപ്പെടുമ്പോഴും പിതാവ് സര്‍ദാര്‍ ജസ്‌വീര്‍സിംഗ് അക്കാര്യത്തില്‍ മാത്രം ഒരു കോംപ്രമൈസും കാട്ടിയിരുന്നില്ല.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സന്ദീപിന്റെ പിതാവ് ഏറെ കഷ്ടപ്പെടുകയാണ് ഇപ്പോഴും. രാപകലില്ലാതെ പാട്യാലയിലെ ഇടവഴികളിലൂടെയെല്ലാം ഓട്ടോ ഓടിച്ചാലും വീട്ടിലെ പട്ടിണിമാറ്റാന്‍ കഴിയാറില്ല. എന്നിരുന്നാലും ബോക്‌സിംഗ് വിട്ടുകളയാതെ മകള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പ്രതിസന്ധികളോട് അദ്ദേഹം പൊരുതി.
അമ്മാവന്‍ സിമ്രാന്‍ജിത്ത് സിംഗില്‍ നിന്നുമാണ് സന്ദീപിന് ഇടിക്കൂടിനോട് കമ്പം തുടങ്ങിയത്. ഗ്രാമത്തിലെ അക്കാദമി റിംഗിലെ പതിവ് സാന്നിദ്ധ്യമായിരുന്ന അമ്മാവനൊപ്പം കുട്ടിയായിരുന്ന കാലം മുതല്‍ പതിവായി സന്ദീപും ഇവിടെ എത്തിയിരുന്നു.
അക്കാദമിയിലെ യുവതാരങ്ങളുടെ പ്രകടനം കണ്ടുകണ്ടാണ് സന്ദീപ് കൗറിനും ബോക്‌സിംഗില്‍ കമ്പം കയറിയത്. എട്ടാം വയസ്സില്‍ ബോക്‌സിംഗ് ഗഌസ് അണിഞ്ഞ സന്ദീപ് കൗര്‍ അക്കാദമിയിലെ പരിശീലകനായ സുനില്‍ കുമാറിന്റെ ശിക്ഷണത്തില്‍ താരത്തിലേക്ക് ഉയര്‍ന്നു. ഗ്രാമീണരില്‍ നിന്നുള്ള കനത്ത എതിര്‍പ്പുകളെ അതിജീവിച്ചാണ് സന്ദീപിനെ ഇന്ത്യന്‍ താരമാക്കി കുടുംബം ഉയര്‍ത്തിയെടുത്തത്
പതിമൂന്നാമത് അന്താരാഷ്ട്ര സിലേഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വെയ്റ്റ് വനിതാ ജൂനിയര്‍ വിഭാഗത്തിലാണ് പഞ്ചാബില്‍ നിന്നുള്ള സന്ദീപ് കൗര്‍ ഏറ്റവും പുതിയതായി സ്വര്‍ണ്ണം നേടിയത്. പോളണ്ടിലെ കരോലിന അംപുസ്‌ക്കയെ 5-0 ന് തോല്‍പ്പിച്ചായിരുന്നു 16-കാരിയായ സന്ദീപ് കൗര്‍ ഒന്നാം സ്ഥാനം നേടിയത്.
https://www.facebook.com/Malayalivartha