നവംബര്‍ വരെ ധോണിയെ ഇന്ത്യന്‍ ടീമിലേക്കു ലഭ്യമാകില്ലെന്ന് ചില ദേശീയ മാധ്യമങ്ങള്‍
സൈനിക സേവനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് 'അവധി'യെടുത്ത മുന്‍ നായകന്‍ എം.എസ്. ധോണിയുടെ തിരിച്ചുവരവ് ഇനിയും നീളുമെന്നു സൂചന. ചില ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം നവംബര്‍ വരെ ധോണിയെ ഇന്ത്യന്‍ ടീമിലേക്കു ലഭ്യമാകില്ലെന്നാണ പറയപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ വിജയ് ഹസാരെ ട്രോഫി, ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര എന്നിവയില്‍ ധോണിക്കു കളിക്കാനാകില്ല.
ക്രിക്കറ്റിലെ ധോണിയുടെ ഭാവിയെക്കുറിച്ചു നിരവധി അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. ഡിസംബറില്‍ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലായിരിക്കും ധോണി കളിക്കാന്‍ സാധ്യത. സീനിയര്‍ താരമായ ധോണിയെ സിലക്ടര്‍മാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്.
അതേസമയം എം.എസ്. ധോണിയുടെ മനസ്സില്‍ എന്താണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്‌കര്‍ പ്രതികരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചു വിശദീകരിക്കാന്‍ ധോണിക്കു മാത്രമാണു സാധിക്കുക. പക്ഷേ ധോണിക്കപ്പുറത്തേക്ക് ഇന്ത്യന്‍ ടീം ചിന്തിക്കണം. അടുത്ത വര്‍ഷം ട്വന്റി20 ലോകകപ്പ് നടക്കുമ്പോള്‍ ധോണിക്കു പ്രായം 39 ആകും- ഗാവസ്‌കര്‍ പറഞ്ഞു.
ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍നിന്നു സ്വന്തം തീരുമാനപ്രകാരമാണ് ധോണി വിട്ടുനിന്നത്. രണ്ടു മാസത്തേക്കു ടീമിലേക്കു പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ധോണി അന്നു പറഞ്ഞത്. ധോണി ഇക്കാര്യം അറിയിച്ച ജൂലൈ 21 മുതല്‍ പരിഗണിച്ചാല്‍ സെപ്റ്റംബര്‍ 21-ന് രണ്ടു മാസം പൂര്‍ത്തിയായി. ഇതിന്റെ പശ്ചാത്തലത്തില്‍ ധോണിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍.
https://www.facebook.com/Malayalivartha