മറ്റൊരു ചക്കിട്ടപാറക്കാരന്‍ കൂടി ഒളിംപിക്‌സിലേക്ക്, നോഹയെ ചക്കിട്ടപാറ പൗരാവലി ആദരിച്ചു
മറ്റൊരു ചക്കിട്ടപാറക്കാരന്‍ കൂടി ജിന്‍സണ്‍ ജോണ്‍സനു പിന്നാലെ ഒളിംപിക്‌സിലേക്ക്. പൂഴിത്തോട് മാവട്ടത്തെ തൈക്കടുപ്പില്‍ ടോമിച്ചന്‍- ആലീസ് ലി ദമ്പതികളുടെ മകനും വ്യോമസേനയില്‍ സര്‍ജന്റുമായ നോഹ 4 * 400 മിക്‌സഡ് റിലേ ഇനത്തില്‍ ഒളിംപിക്‌സ് യോഗ്യത നേടി.
ഇനി പരിശീലനവും ലക്ഷ്യവും അടുത്തവര്‍ഷം നടക്കുന്ന ഒളിംപിക്‌സിനു വേണ്ടി പ്രകടനം മെച്ചപ്പെടുത്തുക എന്നതാണെന്നു കഴിഞ്ഞ ദിവസം നാട്ടിലെത്തി ചക്കിട്ടപാറ പൗരാവലിയുടെ സ്‌നേഹാദരം ഏറ്റുവാങ്ങിയ നോഹ നിര്‍മല്‍ ടോം വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ദോഹ ലോക അത്ലറ്റിക്‌സിലാണ് 4 *400 മിക്‌സഡ് റിലേ ഇനത്തില്‍ നോഹ ഒളിംപിക്‌സ് യോഗ്യത നേടിയത്.
പത്താം ക്ലാസുവരെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ പഠിച്ച കാലത്ത് കോച്ച് ജോസ് സെബാസ്റ്റ്യന്റെ കീഴിലാണ് പ്രഥമ കായിക പരിശീലനം. 800, 1500 മീറ്ററിലായിരുന്നു താത്പര്യം. തുടര്‍ന്നു പ്ലസ് ടു, ഡിഗ്രി പഠന കാലത്തു കോഴിക്കോട് സായിയിലെ കോച്ച് ജോര്‍ജ് പി. ജോസഫാണു നോഹയ്ക്ക് പുതുവഴി നല്‍കിയത്.
400 മീറ്ററില്‍ ശ്രദ്ധ പതിപ്പിച്ചു പരിശീലനമായി. ദേവഗിരി കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 2013-ല്‍ റാഞ്ചിയില്‍ നടന്ന സാഫ് ഗെയിംസില്‍ ജൂണിയര്‍ വിഭാഗത്തില്‍ 4 * 400 റിലേ ഇനത്തില്‍ വെള്ളിനേടിയ ടീമിലംഗമായിരുന്നു. 2014-ല്‍ ജോലി ലഭിച്ചതോടെ സര്‍വീസസിനു വേണ്ടി കായികരംഗത്ത് നിലയുറപ്പിച്ചു. ഇവിടെ കോച്ച് എം.കെ. രാജ് മോഹന്റെ കീഴിലായിരുന്നു പരിശീലനം. 2015-ല്‍ ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തെത്തി.
തുടര്‍ന്നു വിവിധ മത്സരങ്ങളില്‍ മികവു തെളിയിച്ച നോഹ 2018-ല്‍ ഭുവനേശ്വറില്‍ നടന്ന ദേശീയ ഓപ്പണ്‍ അത് ലറ്റിക് മീറ്റില്‍ സര്‍വീസസിനു വേണ്ടി 400, 4* 400 മീറ്ററുകളില്‍ സ്വര്‍ണം നേടി. ഈ വര്‍ഷം പോളണ്ടിലും ചെക്ക് റിപ്പബ്‌ളിക്കിലും നടന്ന 200, 400 മീറ്റര്‍ മത്സരങ്ങളില്‍ വെള്ളി നേടി. കോഴിക്കോട് റൂറല്‍ പോലീസ് സൂപ്രണ്ട് ഓഫീസ് ജീവനക്കാരിയായ നോഹയുടെ അമ്മ ആലീസ് ലി മുന്‍ ദേശീയ ഹാന്‍ഡ് ബോള്‍ താരമാണ്.
https://www.facebook.com/Malayalivartha