വിയ എന്ന തെരുവു ബാലന്‍ ലൈബീരിയയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തിയ വിസ്മയവഴികള്‍
1970-കളില്‍ ലൈബീരിയയിലെ മൊണ്‍റോവിയയുടെ ചേരികളില്‍ ഫുട്‌ബോള്‍ കളിച്ചു നടന്ന ഒരു കുട്ടിയുണ്ടായിരുന്നു. മെലിഞ്ഞു പട്ടിണിക്കോലമായ ബാലന്‍. ജോര്‍ജ് വിയ എന്നായിരുന്നു പേര്. 1966 ഒക്ടോബര്‍ ഒന്നിനായിരുന്നു ജനനം. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ വിയ മുത്തശ്ശിയായ എമ്മ ക്ലോണ്‍ ലീ ബ്രൗണിയുടെ കൂടെയായി. കുപ്പകളില്‍ നിന്നു കുപ്പികള്‍ പെറുക്കിയും പോപ്‌കോണ്‍ വിറ്റും അവന്‍ സമ്പാദിക്കുന്ന പണത്തില്‍ നിന്നും ഒരു പങ്കു കൃത്യമായി മുത്തശ്ശിയെ ഏല്‍പിച്ചു. പട്ടിണിയും ദാരിദ്രവും മറക്കാന്‍ വിയയുടെ മുന്നില്‍ ഫുട്‌ബോള്‍ മാത്രമായിരുന്നു മാര്‍ഗം. ഒഴിവു സമയം കൂട്ടുകാര്‍ക്കൊപ്പം കാല്‍പന്തുകളിയിലായിരുന്നു അവന്‍ ആശ്വാസം കണ്ടത്.
ഫുട്‌ബോളിലാണ് വിയയുടെ ഭാവി എന്നു തിരിച്ചറിഞ്ഞ എമ്മ ഒരു പിറന്നാള്‍ ദിവസം അവനൊരു സമ്മാനം നല്‍കി. ഒരു ജോഡി ബൂട്ട്. ഈ സമ്മാനം വിയയുടെ ജീവിതത്തെ മാറ്റിമറിച്ചു. ഫുട്‌ബോള്‍ വിയയുടെ എല്ലാമായി മാറി. പ്രദേശിക ഫുട്‌ബോള്‍ മത്സരങ്ങളില്‍ വിയ സ്ഥിരം സാന്നിധ്യമായി. 15 വയസ്സായപ്പോഴേക്കും മോണ്‍റോവിയയിലെ മികച്ച ഫുട്‌ബോളറെന്ന പേരു സ്വന്തമാക്കി. കാമറൂണിലെ ടോണീറെ ക്ലബ്ബിന്റെ കോച്ചായ ക്ലൗഡ് ലേ റോയ് യാദൃശ്ചികമായി വിയയുടെ കളി കാണാനിടയായി. വിയയെക്കുറിച്ചറിയുന്ന ആര്‍സേനെ വെങ്കര്‍, ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയിലേക്കു വിയയെ ക്ഷണിച്ചു. അവിടെയാണു ജോര്‍ജ് വിയ സമാനതകളില്ലാത്ത ഫുടബോളറായി വളര്‍ന്നത്.
1989-ല്‍ ആഫ്രിക്കയിലെ മികച്ച താരമെന്ന ബഹുമതി വിയയെ തേടിയെത്തി. 94, 95 വര്‍ഷങ്ങളിലും ഈ ബഹുമതി നേടി. മൊണോക്കോയില്‍ നിന്നു പാരിസ് സെന്റ് ജെര്‍മനിലെത്തി.1995-ആവുമ്പോഴേക്കും വീയ എസി മിലാനിലെത്തി. അതേവര്‍ഷം ഫിഫയുടെ മികച്ച ഫുട്‌ബോള്‍ കളിക്കാരനെന്ന ബഹുമതി. 1996-ല്‍ ആഫ്രിക്കന്‍ വന്‍കരയിലെ, നൂറ്റാണ്ടിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷം ഫിഫയുടെ ഫെയര്‍ പ്ലെയര്‍ അവാര്‍ഡും തേടിയെത്തി. 1996-നു ശേഷം ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങി മുന്‍നിര ക്ലബുകളില്‍ ലോകം വിയയെ കണ്ടു.
1990-ല്‍ ശക്തി പ്രാപിച്ച ആഭ്യന്തര കലാപം 1996 ആയപ്പോഴേക്കും ലൈബീരിയയെ ശ്മശാന സമമാക്കി. തന്നെ അഭിമുഖം ചെയ്യാനെത്തിയ പത്രക്കാരോടു നാടിന്റെ ദുരവസ്ഥ വിയ വെളിപ്പെടുത്തി. യുഎന്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നു വേദനയോടെ പറഞ്ഞു. എന്നാല്‍ ലോകം ആ ഫുട്‌ബോളറുടെ വാക്കുകള്‍ ഞെട്ടലോടെ കേട്ടപ്പോള്‍ ഭരണകൂടം ചൊടിച്ചു. യന്ത്രത്തോക്കുകളും ഗുണ്ടകളുമായി പട്ടാള വണ്ടി വിയയുടെ നഗരമധ്യത്തിലുള്ള വീട്ടിലെത്തി. വീടു നശിപ്പിച്ചു. വീട്ടിലുള്ളവരെ ഉപദ്രവിച്ചു. ജോര്‍ജ് വിയ അപ്പോള്‍ ഇറ്റലിയില്‍ എസി മിലാന്റെ ക്യാംപിലായിരുന്നു. 1996-ലെ ആ മേയില്‍ മാത്രം 3000 പേരെ ഭരണകൂടം കൂട്ടക്കൊല ചെയ്തു. ജോര്‍ജ് വിയ നാട്ടിലെത്തിയാല്‍ കൊലപ്പെടുത്താന്‍വരെ ഭരണകൂടം പദ്ധതിയിട്ടു.
ലോകകപ്പില്‍ ലൈബീരിയയെ പങ്കെടുപ്പിക്കുക എന്ന തന്റെ സ്വപ്നം ലോക താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിയ വെളിപ്പെടുത്തി. വിയയുടെ വാക്കുകള്‍ ലൈബീരിയയെ ഉണര്‍ത്തി. ലൈബീരിയ ലോകകപ്പ് കളിക്കണമെങ്കില്‍ വിയ നാട്ടിലെത്തുക മാത്രമാണ് മാര്‍ഗമെന്നു തിരിച്ചറിഞ്ഞ ഭരണകൂടം ഒടുവില്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. 2000 ജൂണ്‍ മാസം ഫുട്‌ബോള്‍ കിറ്റുകളും പന്തുകളും പരിശീലന ഉപകരണങ്ങളുമായി വിയ നാട്ടില്‍ തിരിച്ചെത്തി. ലൈബീരിയന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായും ക്യാപ്റ്റനായും ഇരട്ടവേഷം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലൈബീരിയയുടെ പ്രകടനം ആഫ്രിക്കയെ അമ്പരപ്പിച്ചു. കാല്‍പന്തില്‍ വിയ തീര്‍ത്ത ഇന്ദ്രജാലം ലോകം കണ്ടു. പക്ഷേ, വിധി അവര്‍ക്ക് അനുകൂലമായില്ല. ലൈബീരിയ ലോകകപ്പ് യോഗ്യത നേടിയില്ല. 2003-ല്‍ അദ്ദേഹം തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു.
ഐക്യരാഷ്ട്രസഭ ലൈബിരീയയുടെ ഗുഡ്വില്‍ അംബാസിഡറായി വിയയെ തിരഞ്ഞെടുത്തു. 2004-ല്‍ ഫിഫ പുറത്തിറക്കിയ മികച്ച 100 ഫുട്‌ബോള്‍ കളിക്കാരുടെ ലിസ്റ്റില്‍ വിയയുമുണ്ട്.
2005-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും 2011-ലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2018 ജനുവരി ഒന്നിനു ലൈബീരിയയുടെ 25-ാം പ്രസിഡന്റ് പദവിയിലേക്ക് കാലം ആ പഴയ തെരുവു ബാലനെ കൈപിടിച്ചുയര്‍ത്തി.
https://www.facebook.com/Malayalivartha