കായിക താരങ്ങളുടെ വാലന്റൈന്‍മാര്‍...ലവ് ഓള്‍!
ജീവിതത്തെ പ്രണയാഘോഷമാക്കുന്ന ഒട്ടേറെ കായികതാരങ്ങളുണ്ട്; ഇതാ അവരില്‍ ചിലര്‍:
ആന്ദ്രെ ആഗസി - സ്റ്റെഫി ഗ്രാഫ്
സ്റ്റെഫി ഗ്രാഫും ആന്ദ്രെ ആഗസിയും ടെന്നിസ് ലോകത്തെ താരദമ്പതിമാരാണ്. സ്റ്റെഫിയോട് പ്രണയം തുടങ്ങിയ ആദ്യനാളുകളെ കുറിച്ച് ആഗസി തന്റെ ആത്മകഥയില്‍ മനോഹരമായി വിവരിക്കുന്നുണ്ട്. 1992 വിമ്പിള്‍ഡനില്‍ സ്റ്റെഫി പതിവു പോലെ കിരീടം ചൂടി. ആഗസി ആയിരുന്നു ആ തവണ പുരുഷവിഭാഗം ചാമ്പ്യന്‍. സന്തോഷം കൊണ്ട് ആഗസി തുള്ളിച്ചാടി. ആദ്യമായി താനൊരു ഗ്രാന്‍സ്ലാം കിരീടം നേടിയതിന്റെ സന്തോഷമായിരുന്നില്ല അത്. പുരുഷ-വനിതാവിഭാഗം ജേതാക്കള്‍ക്കു രാത്രിയില്‍ ഓള്‍ ഇംഗ്ലണ്ട് ടെന്നിസ് അസോസിയേഷന്‍ പാര്‍ട്ടി നല്‍കുന്ന പതിവുണ്ട്. അതില്‍ ജേതാക്കള്‍ പരസ്പരം കൈകോര്‍ത്ത് ഡാന്‍സ് ചെയ്യും. ആഗസി ഏറ്റവും മനോഹരമായ കോട്ട് റെഡിയാക്കി കാത്തിരുന്നു. സ്റ്റെഫിയുടെ വിരലുകള്‍ കോര്‍ത്ത് നൃത്തം ചെയ്യാന്‍.
എന്നാല്‍, അന്നു വൈകിട്ടു സംഘാടകരുടെ അറിയിപ്പു വന്നു. വൈകിട്ട് പാര്‍ട്ടി ഉണ്ട്. ഡാന്‍സ് ഇല്ല. സ്റ്റെഫിക്കു ഡാന്‍സ് ചെയ്യാന്‍ താല്‍പര്യമില്ല. ആഗസിയുടെ ഹൃദയം തകര്‍ന്നു. എന്നാല്‍ പിന്നീട് ആഗസിയുടെ പ്രണയത്തില്‍ സ്റ്റെഫിയും വീണത് ചരിത്രം!
ലയണല്‍ മെസ്സിയുടെ ബാല്യകാലസഖി അന്റോനെല്ല റൊകൂസോ
അഞ്ചാം വയസ്സുമുതല്‍ അടുപ്പക്കാരായ രണ്ടു കളിക്കൂട്ടുകാരെയാണ് ഈ ചിത്രത്തില്‍ ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. അര്‍ജന്റീനയിലെ മാര്‍ ദെ പ്ലാറ്റ കടല്‍ത്തീരത്ത് മണ്ണുവാരിക്കളിക്കുന്ന ഈ ചിത്രത്തിന് 22 വര്‍ഷം പഴക്കമുണ്ട്. മുട്ടുകുത്തി നില്‍ക്കുന്ന പത്തുവയസ്സുകാരന്റെ പേര് ലയണല്‍ മെസ്സി. അരികത്തുള്ളത് കൂട്ടുകാരി അന്റോനെല്ല റൊകൂസോ.
അര്‍ജന്റീനയിലെ റൊസാരിയോയില്‍നിന്ന് സ്‌പെയിനിലെ ബാര്‍സിലോനയിലേക്കും ലോകഫുട്‌ബോളിന്റെ ചക്രവര്‍ത്തി പദത്തിലേക്കും വളര്‍ന്നപ്പോഴും മെസ്സി പഴയ കളിക്കൂട്ടുകാരിയെ മറന്നില്ല. മെസ്സി - അന്റോനെല്ല ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കള്‍: തിയാഗോ, മാറ്റിയോ, സിറോ.
റോജര്‍ ഫെഡററുടേയും മിര്‍കയുടേയും 'ടെന്നിസ്' ഫാമിലി!
സ്വിറ്റ്‌സര്‍ലന്‍ഡ് ടെന്നിസ് താരം റോജര്‍ ഫെഡററുടെ കുടുംബത്തിന് പുരുഷ സിംഗിള്‍സ്, വനിതാ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സ്ഡ് ഡബിള്‍സ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലും പങ്കെടുക്കാന്‍ അടുത്ത തലമുറയിലും ആളുണ്ട്. അതെങ്ങനെയെന്നോ..? ഫെഡറര്‍ക്കും ഭാര്യ മിര്‍കയ്ക്കും രണ്ടു ജോഡി ഇരട്ടക്കുട്ടികളാണ്. മൈല, ചാര്‍ലീന്‍ എന്നിവര്‍ ഇരട്ടപ്പെണ്‍കുട്ടികളും ലിയോ, ലെന്നി എന്നിവര്‍ ഇരട്ട ആണ്‍കുട്ടികളും. കുഞ്ഞുങ്ങള്‍ വലുതാകുമ്പോള്‍ മാറി മാറി അവര്‍ക്ക് നാലു വിഭാഗങ്ങളിലും മത്സരിക്കാമല്ലോ എന്നത് രസകരമായ കാര്യം. ഫെഡററുടെ ഭാര്യ മിര്‍കയും ടെന്നിസ് താരമായിരുന്നു. 2000 സിഡ്‌നി ഒളിംപ്കിസില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനു വേണ്ടി മത്സരിക്കവെയാണ് ഇരുവരും കണ്ടുമുട്ടിയത്.
ഒളിംപിക് വേദിയിലൂടെ പ്രണയം പങ്കിട്ട ആഷ്ടന്‍ ഈറ്റന്‍ - ബ്രയന്‍ ദമ്പതികള്‍
യുഎസിലെ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്താണു ഡെക്കാത്ത്ലന്‍ താരം ആഷ്ടന്‍ ഈറ്റനും ഹെപ്റ്റാത്ത്ലന്‍ താരം ബ്രയനും പ്രണയത്തിലാകുന്നത്. അമേരിക്കക്കാരനായ ആഷ്ടനും കാനഡക്കാരിയായ ബ്രയനും ഒരുമിച്ചു പരിശീലനം നടത്തി. ചാംപ്യന്‍ഷിപ്പുകള്‍ക്കായി ഒരുമിച്ചു യാത്ര ചെയ്തു. ആഷ്ടന്‍ 2012-ലെ ലണ്ടന്‍ ഒളിംപിക്‌സിലും 2016-ലെ റിയോ ഒളിംപിക്‌സിലും സ്വര്‍ണം നേടുമ്പോള്‍ കയ്യടിക്കാന്‍ ഗാലറിയില്‍ ബ്രയനുണ്ടായിരുന്നു. റിയോയില്‍ ബ്രയന്‍ വെങ്കലം നേടിയപ്പോള്‍ ആഷ്ടന്‍ ഗാലറിയിലെത്തി. 2013-ല്‍ ഇരുവരും വിവാഹിതരായി.
മിച്ചല്‍ സ്റ്റാര്‍ക് - അലീസ ഹീലി ജോഡിയ്ക്ക് ക്രിക്കറ്റ് ഒരു വീട്ടുകാര്യം
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമായ മിച്ചല്‍ സ്റ്റാര്‍ക്ക് ഒന്നാന്തരം ബോളറാണെങ്കില്‍ ഭാര്യ ഹീലി മികച്ച ബാറ്റ്‌സ്വുമനും വിക്കറ്റ് കീപ്പറുമാണ്. 2 പേരുടെയും ഏകദിന കരിയര്‍ കൂട്ടിയാല്‍ കണക്കിങ്ങനെ: 161 മത്സരം, 1992 റണ്‍സ്, 175 വിക്കറ്റ്, 78 ക്യാച്ച്, 3 സെഞ്ചുറി. 9-ാം വയസ്സിലാണ് ആദ്യം കണ്ടുമുട്ടിയത്. പിന്നീടു പ്രണയമായി.
ഇബ്രാഹിമോവിച്ച് - ഹെലേന സീഗര്‍, ആദ്യ കാഴ്ചയില്‍ കട്ടക്കലിപ്പ്!
2002-ല്‍ സ്വീഡനിലെ മാല്‍മോയില്‍ ഒരു പാര്‍ക്കിങ് സ്ഥലത്ത് വച്ച് തല്ലുകൂടി തുടങ്ങി തുടങ്ങിയവരാണ് ഫുട്‌ബോള്‍ താരം സ്‌ലാറ്റന്‍ ഇബ്രാഹിമോവിച്ചും ഹെലേന സീഗറും. പാര്‍ക്കിങ് ഏരിയയില്‍നിന്ന് തന്റെ ഫെറാറി കാര്‍ എടുക്കാനെത്തിയ സ്‌ലാറ്റനെ പതിനേഴുകാരിയായ ഹെലേന ചീത്തവിളിച്ചു. അവരുടെ കാര്‍ മുന്നോട്ടെടുക്കാന്‍ കഴിയാത്തവിധം സ്‌ലാറ്റന്റെ കാറിട്ടതായിരുന്നു പ്രശ്‌നം. ആരെയും കൂസാത്ത ഹെലേനയുടെ മനോഭാവം അന്നേ സൂപ്പര്‍ സ്റ്റാറായിരുന്ന സ്‌ലാറ്റന് ഇഷ്ടപ്പെട്ടു. സൗഹൃദം വളര്‍ന്ന് പ്രണയമായി. ഇരുവരും പങ്കാളികളായി. രണ്ടുമക്കളുമായി അടിപിടികളില്ലാത്ത ജീവിതം.
പ്രണയം തുടരാന്‍ ഫുട്‌ബോളറായ ലൂയി സ്വാരെസും ഭാര്യ സോഫിയ ബാല്‍ബിയും
15-ാം വയസ്സിലാണ് സ്വാരെസ്, സോഫിയ ബാല്‍ബിയെ ആദ്യം കണ്ടത്. വീട്ടിലെ ദാരിദ്യം കാരണം തൂപ്പുകാരനായി പാര്‍ട്ട് ടൈം ജോലി. മിച്ചമുള്ള സമയത്ത് തകരപ്പാട്ട തട്ടിയുള്ള ഫുട്‌ബോള്‍കളി. ഒറ്റവര്‍ഷമേ സ്വാരെസിനും സോഫിയയ്ക്കും നേരിട്ടു പ്രേമിക്കാന്‍ പറ്റിയുള്ളൂ. മോണ്ടെവിഡിയോയിലെ തെരുവില്‍ തൂപ്പുകാരനായി ജോലി ചെയ്യുന്ന കാലത്തെ ആ പ്രണയമാണ് സ്പാനിഷ് ക്ലബ് ബാര്‍സിലോനയുടെ യുറഗ്വായ് സ്‌ട്രൈക്കര്‍ ലൂയി സ്വാരെസിനെ സൂപ്പര്‍ താരമാക്കിയത്.
2003-ല്‍ സോഫിയയുടെ കുടുംബം ബാര്‍സിലോനയിലേക്കു കുടിയേറി. കാമുകിയുടെ അരികിലെത്താന്‍ പദ്ധതികള്‍ ആലോചിച്ച സ്വാരെസ് ഒടുവില്‍ വഴി കണ്ടെത്തി. നന്നായി ഫുട്‌ബോള്‍ കളിക്കുക, ഒരു യൂറോപ്യന്‍ ക്ലബ്ബിന്റെ താരമാവുക. ഒടുവില്‍, അതു യാഥാര്‍ഥ്യമായി. 2007-ല്‍ ഡച്ച് ക്ലബ് അയാക്‌സുമായി കരാര്‍ ഒപ്പിട്ടു. 2009-ല്‍ ഇരുവരും വിവാഹിതരായി. പിന്നീട് ലിവര്‍പൂള്‍ വഴി സ്വാരെസ് സോഫിയയുടെ കുടുംബം താമസിക്കുന്ന ബാര്‍സിലോനയിലുമെത്തി!
മേരി കോം - ഒണ്‍ലര്‍ കോം
ഡല്‍ഹിയിലെ പരിശീലനകാലത്താണ് ഇന്ത്യന്‍ ബോക്‌സിങ് ഇതിഹാസം എം.സി.മേരി കോം, ഒണ്‍ലറിനെ കണ്ടുമുട്ടുന്നത്. ഒരിക്കല്‍ മേരിയുടെ പാസ്‌പോര്‍ട്ട് കളഞ്ഞു പോയപ്പോള്‍ മണിപ്പുരില്‍ പോയി വേണ്ട കാര്യങ്ങള്‍ ചെയ്യാനും അത് വാങ്ങിയേല്‍പിക്കാനും ഒണ്‍ലര്‍ ഉത്സാഹിച്ചു. അതോടെ തന്റെ മനസ്സിലേക്കും മേരി ഒണ്‍ലര്‍ക്കു പാസ്‌പോര്‍ട്ട് നല്‍കി.
https://www.facebook.com/Malayalivartha