'ക്യാപ്റ്റന്‍ കൂള്‍' ചൂടായപ്പോള്‍, മുന്നില്‍പ്പെട്ടത് കുല്‍ദീപ്!
അതീവ സമ്മര്‍ദ്ദ ഘട്ടത്തിലും ഏറ്റവും ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നായകന്‍. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങളും ചാംപ്യന്‍സ് ട്രോഫിയും സമ്മാനിച്ച ഏക നായകനെന്ന പേരും 'ക്യാപ്റ്റന്‍ കൂള്‍' എന്നറിയപ്പെടുന്ന മഹേന്ദ്രസിങ് ധോണിക്കു സ്വന്തം. 'ക്യാപ്റ്റന്‍ കൂള്‍' എന്ന് അറിയപ്പെടുമ്പോള്‍ത്തന്നെ കളത്തില്‍ ധോണിക്ക് നിയന്ത്രണം നഷ്ടപ്പെട്ട അപൂര്‍വം നിമിഷങ്ങളുമുണ്ട്. ഒരു യുട്യൂബ് ചാനലിലെ ക്രിക്കറ്റ് ഷോയില്‍ പങ്കെടുക്കവേ ഇന്ത്യന്‍ ടീമംഗമായ കുല്‍ദീപ് യാദവ് അത്തരത്തിലൊരു നിമിഷം ഉണ്ടായതിനെ കുറിച്ച് പരാമര്‍ശിച്ചു.
2017 ഡിംസബറില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്‍ഡോറില്‍ നടന്ന രണ്ടാം ട്വന്റി20ക്കിടെയാണ് സംഭവം. പൊതുവെ ചെറിയ ബൗണ്ടറികളുള്ള ഗ്രൗണ്ടാണ് ഇന്‍ഡോറിലേത്. അന്ന് സംഭവിച്ചത് കുല്‍ദീപ് യാദവിന്റെ വാക്കുകളിലൂടെ:
'മത്സരത്തിനിടെ കുശാല്‍ പെരേര ബാറ്റ് ചെയ്യുകയായിരുന്നു. എനിക്കെതിരെ കുശാല്‍ കവറിനു മുകളിലൂടെ ബൗണ്ടറി നേടി. ഇതോടെ ഫീല്‍ഡിങ് ക്രമീകരണത്തില്‍ വ്യത്യാസം വരുത്താന്‍ വിക്കറ്റിനു പിന്നില്‍നിന്ന് ധോണി ഭായ് വിളിച്ചുപറഞ്ഞു. കവറിലെ ഫീല്‍ഡറെ മാറ്റി പോയിന്റിലേക്ക് കൊണ്ടുവരാനായിരുന്നു പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഞാന്‍ ചെയ്തില്ല. തൊട്ടടുത്ത പന്ത് കുശാല്‍ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തി. ഇതോടെ കുപിതനായ ധോണി എന്റെ അടുത്തെത്തി. എന്നിട്ടു ചോദിച്ചു: ഞാനെന്താ പൊട്ടനാണോ? ഇന്ത്യയ്ക്കു വേണ്ടി 300 ഏകദിനം കളിച്ചയാളാണ് ഞാന്‍. എന്നിട്ടും ഞാന്‍ പറയുന്നത് കേട്ടുകൂടേ?' - ഇരുപത്തിനാലുകാരനായ കുല്‍ദീപ് ഓര്‍ത്തെടുത്തു.
മത്സരത്തിനുശേഷം ഹോട്ടലിലേക്കു പോകുമ്പോള്‍ ഞാന്‍ ധോണി ഭായിയുടെ അടുത്തെത്തി, ഇതിനു മുന്‍പ് എന്നെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ എന്നു ചോദിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആരോടും ദേഷ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി' - കുല്‍ദീപ് യാദവ് പറഞ്ഞു.
അന്ന് ധോണിയുടെ കലിക്ക് ഇരയായശേഷം അദ്ദേഹം നിര്‍ദ്ദേശിച്ചതുപോലെ ഫീല്‍ഡിങ് ക്രമീകരിച്ച കുല്‍ദീപ്, കുശാല്‍ പെരേരയെ പുറത്താക്കി. ആ മത്സരത്തിലാകെ നാല് ഓവര്‍ ബോള്‍ ചെയ്ത കുല്‍ദീപ് 52 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുമെടുത്തു. രോഹിത് ശര്‍മ തകര്‍ത്തടിച്ച് 35 പന്തില്‍ സെഞ്ചുറി നേടിയ ആ മത്സരം ഇന്ത്യ 88 റണ്‍സിനാണ് ജയിച്ചത്. രോഹിത്തിന്റെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സാണെടുത്തത്. രോഹിത് 43 പന്തില്‍ 12 ഫോറും 10 സിക്‌സും സഹിതം 118 റണ്‍സെടുത്തു. കെ.എല്‍. രാഹുല്‍ 49 പന്തില്‍ അഞ്ചു ഫോറും എട്ടു സിക്‌സും സഹിതം 89 റണ്‍സും നേടി. ശ്രീലങ്കയുടെ മറുപടി 17.2 ഓവറില്‍ 172 റണ്‍സില്‍ അവസാനിച്ചു.
https://www.facebook.com/Malayalivartha