ടി.ജെ. ജേക്കബ് തോപ്പില്‍ ഡി.ഐ.ജി. പദവിയില്‍ നിന്ന് ഇന്ന് വിരമിക്കുന്നു, സംസ്ഥാന-ദേശീയ നീന്തല്‍ താരമായിരുന്ന ജേക്കബ് ഇനി നീന്തല്‍ പരിശീലകനാകും
ശ്രീനഗറിലെ സി.ആര്‍.പി.എഫ്. ആസ്ഥാനത്തുനിന്നും 41 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം ടി.ജെ. ജേക്കബ് തോപ്പില്‍ ഡി.ഐ.ജി. പദവിയില്‍നിന്ന് ഇന്ന് വിരമിക്കുന്നു. നീന്തല്‍ കുളങ്ങളിലെ മിന്നുന്ന നേട്ടങ്ങളിലൂടെയാണ് സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയില്‍ എത്തിയത്. സംസ്ഥാന-ദേശീയ നീന്തല്‍ താരമായിരുന്ന ജേക്കബ് നീന്തല്‍രംഗത്തെ അഭിമാനമായിരുന്നു.
1979-ല്‍ സി.ആര്‍.പി.എഫില്‍ എസ്.ഐ. സെലക്ഷന്‍ ലഭിച്ച് മധ്യപ്രദേശിലെ സേനാ ആസ്ഥാനത്തെത്തുമ്പോള്‍ പാലാ സെന്റ് തോമസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. 1992-ല്‍ ഡെപ്യൂട്ടേഷനില്‍ ഡല്‍ഹി എസ്.പി.ജി യില്‍ എത്തിയ ജേക്കബ് തോപ്പന്‍, മുന്‍ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, എ.ബി. വാജ്പേയ്, എ.ഡി ദേവഗൗഡ, ഐ.കെ. ഗുജ്റാള്‍, മന്‍മോഹന്‍ സിങ് എന്നിവരുടെ സുരക്ഷാച്ചുമതയുള്ള ഓഫീസറായിരുന്നു.
സോണിയാഗാന്ധിക്കും കുടുംബത്തിനുമുള്ള സുരക്ഷാസേനയിലും സേവനമനുഷ്ഠിച്ചു. തന്റെ സേവന കാലാവധിയില്‍ ഒരാള്‍ക്കുപോലും ജീവഹാനി ഉണ്ടാകാതെ സംരക്ഷിച്ചതിന് സേനയുടെ പ്രത്യേക പ്രശംസയും ജേക്കബ് നേടിയിരുന്നു. 2009-ല്‍ ഉദ്യോഗക്കയറ്റം ലഭിക്കുന്നതുവരെ എസ്.പി.ജി.യില്‍ തുടര്‍ന്നു. പ്രസിഡന്റിന്റെ പതക്കം ഉള്‍പ്പെടെ സര്‍വ്വീസിലിരിക്കുമ്പോള്‍ വിശിഷ്ട സേവനത്തിന് നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ പോലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ പെരിങ്ങോടിലെ സി.ആര്‍.പി.എഫ് റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പലായി അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ചു. ജൂണ്‍ ആദ്യവാരം നാട്ടിലെത്തുന്ന ടി.ജെ. ജേക്കബ് തന്റെ തട്ടകമായ നീന്തലില്‍ പുതിയ തലമുറയെ പരിശീലിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. നഗരസഭയുടെ നീന്തല്‍കുളം സജീവമാക്കുകയാണ് ലക്ഷ്യം.
പാലായിലെ പ്രശസ്ത നീന്തല്‍ കുടുംബമായ തോപ്പില്‍ അധ്യാപക ദമ്പതിമാരായ ജോസഫിന്റെയും ശോശാമ്മയുടെയും ആറ് മക്കളില്‍ നാലാമനാണ് ജേക്കബ്. സഹോദരങ്ങളെല്ലാവരും നീന്തല്‍ താരങ്ങളും പരിശീലകരുമാണ്. ഇന്റീരിയല്‍ ഡിസൈനറായ റാണിയാണ് ഭാര്യ. ബംഗ്ളുരുവില്‍ എഞ്ചിനീയറായ ജസ്റ്റിനും ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിയായ ഡെന്നീസുമാണ് മക്കള്‍. മരുമകള്‍: ഡോ.റീന ജെസ്റ്റിന്‍.
https://www.facebook.com/Malayalivartha