വിഷാദ രോഗം ബാധിച്ച് ജീവനൊടുക്കാന്‍ ആലോചിച്ചിരുന്ന കാലം ഉണ്ടായിരുന്നെന്ന് ഉത്തപ്പ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ മനസ്, ശരീരം, ആത്മാവ് എന്ന പരിപാടിയില്‍ സംസാരിക്കവേ ടീമംഗമായ റോബിന്‍ ഉത്തപ്പ കരിയറിലെ ഏറ്റവും വിഷമകരമായ അവസ്ഥയിലൂടെ തനിക്കു കടന്നുപോവേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തി. ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം സജീവമാണ് ഉത്തപ്പ.
2007-ലെ പ്രഥമ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ഉത്തപ്പയ്ക്കു പിന്നീട് സ്ഥാനം നഷ്ടപ്പെട്ടു. കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായ തനിക്കു ആത്മഹത്യാ പ്രവണതകള്‍ പോലും അന്ന് ഉണ്ടായിരുന്നതായും ഉത്തപ്പ വെളിപ്പെടുത്തി. 2009 മുതല്‍ 2011 വരെയുള്ള കാലഘട്ടമാണ് ജീവിതത്തിലെ ഏറ്റവും മോശം സമയമെന്ന് ഉത്തപ്പ പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാതിരുന്ന സമയങ്ങള്‍ അന്നുണ്ടായിരുന്നു.
ഈ ദിവസം എങ്ങനെ അതീജീവിക്കുമെന്നും നാളെ എന്താവുമെന്നുമെല്ലാം അന്ന് ചിന്തിച്ചിരുന്നു. തന്റെ ജീവിതത്തിന് എന്താണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്, ഏതു ദിശയിലേക്കാണ് ഇതിന്റെ പോക്ക് എന്നെല്ലാം ആലോചിച്ച് ആശങ്കപ്പെട്ടിരുന്നു.
ക്രിക്കറ്റുള്ള സമയങ്ങളില്‍ ഇത്തരം ചിന്തകളൊന്നും അലട്ടിയിരുന്നില്ല. മത്സരങ്ങളില്ലാതെ വീട്ടിലിരുന്നപ്പോള്‍ മനസ് സംഘര്‍ഷഭരിതമായി. വണ്‍, ടു, ത്രീയെന്ന് പറഞ്ഞു ബാല്‍ക്കണിയുടെ മുകളില്‍നിന്നു ചാടി ജീവനൊടുക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. ഏതോ ഒരു ശക്തി അന്നു തന്നെ പിന്നോട്ടു വലിക്കുകയായിരുന്നെന്ന് ഉത്തപ്പ പറഞ്ഞു.
സംഘര്‍ഷം കൂടിയപ്പോള്‍ ഡയറികള്‍ എഴുതാന്‍ തുടങ്ങി. അതോടൊപ്പം മാനസിക സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ പുറമെ നിന്നുള്ളവരുടെ സഹായം തേടുകയും ചെയ്തു. ഡയറിയില്‍ തന്നെക്കുറിച്ച് ഒന്നും തന്നെ എഴുതാനില്ലാത്ത ഒരു അവസ്ഥ അന്നു പലപ്പോഴുമുണ്ടായിരുന്നു. അപ്പോഴാണ് ഒരു വ്യക്തിയെന്ന നിലയില്‍ താന്‍ സ്വയം മനസിലാക്കാന്‍ തുടങ്ങിയത്.
ജീവിതത്തില്‍ ഇനി വരുത്തേറ്റ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിക്കുന്നതിനൊപ്പം ഇതിനു പുറമെ നിന്നുള്ളവരുടെ സഹായം തേടാനും തീരുമാനിച്ചുവെന്നും ഉത്തപ്പ പറഞ്ഞു. ഒരു താരത്തെ കൂടുതല്‍ വളരാന്‍ നെഗറ്റീവ് ചിന്തകള്‍ സഹായിക്കുമെന്ന് ഉത്തപ്പ അഭിപ്രായപ്പെട്ടു. ചില സമയങ്ങളില്‍ നെഗറ്റീവ് ചിന്തകള്‍ കൂടി വേണമെന്ന് തോന്നിയിട്ടുണ്ട്.
ജീവിതത്തിന്റെ ബാലന്‍സില്‍ വിശ്വസിക്കുന്ന ഒരാള്‍ കൂടിയാണ് താന്‍. ജീവിതത്തില്‍ ഒരാള്‍ക്കു എല്ലായ്പ്പോഴും പോസിറ്റീവായി നില്‍ക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. നെഗറ്റീവായിട്ടുള്ള അനുഭവങ്ങളും അതിനെ മറികടക്കാനുള്ള ശ്രമങ്ങളും ഒരാളുടെ വളര്‍ച്ചയില്‍ വളരെ പ്രധാനമാണെന്നും ഉത്തപ്പ വ്യക്തമാക്കി.
2006-ലാണ് ഉത്തപ്പ ഇന്ത്യക്കു വേണ്ടി ആദ്യമായി കളിച്ചത്. അന്നു താന്‍ ആരാണെന്ന് ബോധ്യമില്ലായിരുന്നു. അതിനു ശേഷം ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു. ഒരു വ്യക്തിയെന്ന നിലയില്‍ ഇപ്പോള്‍ താന്‍ ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ സ്വയം എന്താണെന്ന കാര്യത്തിലും ചിന്തകളുടെ കാര്യത്തിലും നല്ല വ്യക്തത തനിക്കുണ്ട്.
https://www.facebook.com/Malayalivartha