പ്രധാനമന്ത്രി നേരിട്ട് ബോധവല്‍ക്കരണം നടത്തുമ്പോള്‍ ഇനി ധോണി എന്ത് പറയാന്‍...?
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണത്തിന് മുന്നിട്ടിറങ്ങാനാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കായികതാരങ്ങളുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ സഹായം തേടിയാണ് അദ്ദേഹം കായികതാരങ്ങളെ കണ്ടത്. ബോധവല്‍ക്കരണവുമായി സമൂഹമാധ്യമങ്ങളില്‍ നിറസാന്നിധ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ പലതവണ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം ആരാധകരെ ബോധവല്‍ക്കരിക്കുന്ന വിഡിയോകളും കുറിപ്പുകളുമായി പ്രത്യക്ഷപ്പെട്ടു.
കോവിഡ് ബോധവല്‍ക്കരണത്തിന് സഹായം തേടി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയപ്പോള്‍ മഹേന്ദ്രസിങ് ധോണിയെയും ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിക്കറ്റില്‍നിന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവര്‍ക്കൊപ്പമാണ് ധോണിയും കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടിയിരുന്നത്. അന്നും അസാന്നിധ്യം കൊണ്ടാണ് ധോണി ശ്രദ്ധ നേടിയത്. വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടിയിരുന്നവരില്‍ ധോണിക്കും കെ.എല്‍. രാഹുലിനും സാങ്കേതിക പ്രശ്‌നങ്ങളാല്‍ പങ്കെടുക്കാനായില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍, അതിനുശേഷം രാഹുല്‍ കോവിഡ് ബോധവല്‍ക്കരണത്തില്‍ സജീവമായെങ്കിലും ധോണി അനങ്ങിയില്ല.
ഒട്ടേറെ താരങ്ങള്‍ ബോധവല്‍ക്കരണ സന്ദേശങ്ങളുമായി സജീമായെങ്കിലും, സഹതാരങ്ങളില്‍നിന്ന് വിഭിന്നനായി സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലാത്ത ധോണി, പ്രധാനമന്ത്രിയുടെ ഇടപെടല്‍ വന്നശേഷവും കോവിഡ് ബോധവല്‍ക്കരണത്തില്‍ പങ്കാളിയായില്ല. ലോക്ഡൗണിനൊക്കെ മുന്‍പ് ഫെബ്രുവരി 14-നാണ് ധോണി ഏറ്റവും ഒടുവില്‍ ട്വിറ്ററില്‍ എന്തെങ്കിലും കുറിച്ചത്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ധോണി ഇതേക്കുറിച്ച് മിണ്ടിയിട്ടില്ല.
സമൂഹമാധ്യമങ്ങളില്‍ സജീവമായ ധോണിയുടെ ഭാര്യ സാക്ഷി സിങ്ങ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രതിനിധിയുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ലൈവ് സംഭാഷണത്തിലാണ് സാക്ഷിയുടെ പ്രതികരണം.
'ഇക്കാര്യത്തില്‍ മഹിയുടെ (ധോണിയുടെ) രീതി എല്ലാവര്‍ക്കും അറിയാമല്ലോ. മഹി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വന്ന് സംസാരിക്കുന്ന ആളൊന്നുമല്ല. കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ വിഡിയോ പങ്കുവയ്ക്കാന്‍ അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം അനങ്ങിയില്ല. കാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇക്കാര്യത്തില്‍ ആളുകളോട് സംസാരിക്കുന്നുണ്ട്. അത് ആളുകള്‍ കേള്‍ക്കുന്നുമുണ്ട്. നിലവില്‍ ഈ രാജ്യത്ത് ആരും പ്രധാനമന്ത്രിയേക്കാള്‍ വലിയവരല്ല. അതുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ബോധവല്‍ക്കരണവുമായി ധോണി വരാത്തത്' - സാക്ഷി വിശദീകരിച്ചു.
https://www.facebook.com/Malayalivartha