പരിശീലനത്തിന് പണമില്ലാതെ അത്ലീറ്റ് ദ്യുതി ചന്ദ് ബിഎംഡബ്ല്യു വില്‍ക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഒഡീഷ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു
പ്രശസ്ത അത്ലീറ്റ് ദ്യുതി ചന്ദിന് പരിശീലനത്തിന് പണമില്ലാത്തതിനാല്‍ തന്റെ ബിഎംഡബ്ല്യു കാര്‍ വില്‍ക്കുന്നുവെന്ന വാര്‍ത്ത വിവാദമായതിനു പിന്നാലെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദ്യുതിക്ക് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ ഒഡീഷ സര്‍ക്കാര്‍ വെളിപ്പെടുത്തി. ബിഎംഡബ്ല്യു വില്‍ക്കുന്നത് പരിശീലനത്തിന് പണമില്ലാത്തതുകൊണ്ടല്ല, കാറിന്റെ പരിപാലന ചെലവ് ഭീമമായതു കൊണ്ടാണെന്ന ദ്യുതിയുടെ വിശദീകരണത്തിനു പിന്നാലെയാണ് താരത്തിന് ഇതുവരെ നല്‍കിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇതുപ്രകാരം, 2015 മുതല്‍ ഇതുവരെ ദ്യുതി ചന്ദിന് ഒഡീഷ സര്‍ക്കാര്‍ മാത്രം നല്‍കിയത് 4.09 കോടി രൂപയാണ്!
'2018ല്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയതിനുള്ള ഉപഹാരമെന്ന നിലയില്‍ 3 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. 2015-19 കാലയളവില്‍ കായിക പരിശീലനത്തിനുള്ള സഹായമെന്ന നിലയില്‍ 30 ലക്ഷം രൂപ നല്‍കി. ടോക്കിയോ ഒളിംപിക്‌സിനുള്ള ഒരുക്കത്തിനായി ഇതിനു പുറമെ വേറൊരു 50 ലക്ഷം രൂപ കൂടി നല്‍കി. ഇത് 2019 ഓഗസ്റ്റ് രണ്ടിനും ഡിസംബര്‍ 27-നുമായി രണ്ട് ഗഡുക്കളായാണ് നല്‍കിയത്'. ഒഡീഷയിലെ കായിക മന്ത്രാലയമാണ് ദ്യുതിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സഹായങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
'ഒഡീഷ മൈനിങ് കോര്‍പറേഷനില്‍ (ഒഎംസി) എ ലെവല്‍ ഓഫിസറായി ദ്യുതിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. നിലവില്‍ (2020 ജൂണിലെ കണക്ക്) 84,604 രൂപയാണ് ദ്യുതിയുടെ മൊത്തം പ്രതിമാസ ശമ്പളം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദ്യുതി ഓഫിസില്‍ വരേണ്ട കാര്യം പോലുമില്ല. മുഴുവന്‍ സമയ പരിശീലനത്തിന് ദ്യുതിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിട്ടുള്ളതാണ്' - പ്രസ്താവന വ്യക്തമാക്കുന്നു. 'ഇതനുസരിച്ച്, ഒഡീഷ മൈനിങ് കോര്‍പ്പറേഷനില്‍ ദ്യുതിയെ ജോലിക്കെടുത്തശേഷം, ഔദ്യോഗികമായ ഒരു ജോലിയും അവര്‍ക്ക് നല്‍കിയിട്ടില്ല. ഒഎംസി മാത്രം ഇതുവരെ 29 ലക്ഷം രൂപയാണ് പരിശീലനത്തിനായും സാമ്പത്തിക സഹായമായും നല്‍കിയത്' - പ്രസ്താവനയില്‍ പറയുന്നു.
ഇതിനെല്ലാം പുറമെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനും കേന്ദ്ര സര്‍ക്കാരും കേന്ദ്ര കായിക മന്ത്രാലയവും പലതവണ സഹായം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha