രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന രോഹിത് ശര്‍മ ഉള്‍പ്പെടെ 5 പേര്‍ക്ക് ; ജിന്‍സിക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം
രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന ആദ്യമായി 5 പേര്‍ക്ക് ഒരുമിച്ച് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം 2 പേര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. റിയോ പാരാലിംപിക്‌സ് സ്വര്‍ണ ജേതാവ് മാരിയപ്പന്‍ തങ്കവേലു, ലോക ഗുസ്തി ചാംപ്യന്‍ഷിപ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസ് സ്വര്‍ണം നേടിയ മനിക ബത്ര, ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവരാണ് ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്ക്ക് പുറമേ ഖേല്‍ രത്‌നയ്ക്ക് അര്‍ഹരായവര്‍.
ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും എം.എസ്.ധോണിക്കും വിരാട് കോലിക്കും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് രോഹിത്. എല്ലാ വര്‍ഷവും രാഷ്ട്രപത്രി ഭവന്‍ വേദിയാകുന്ന വിതരണച്ചടങ്ങ് ഇത്തവണ 29-ന് ഓണ്‍ലൈനായിട്ടാകും നടക്കുക.
ദ്രോണാചാര്യ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യന്‍ അത്ലറ്റിക് ടീം ചീഫ് കോച്ച് പി.രാധാകൃഷ്ണന്‍ നായര്‍, അര്‍ജുന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഏഷ്യന്‍ ചാംപ്യന്‍ പി.യു.ചിത്ര എന്നിവരുടെ പേരുകള്‍ വിദഗ്ധ സമിതി ഒഴിവാക്കി. നേരത്തേ ഖേല്‍ രത്‌ന നേടിയതിനാല്‍ സാക്ഷി മാലിക്, മീരാഭായ് ചാനു എന്നിവരെ അര്‍ജുന പട്ടികയില്‍നിന്ന് ഒഴിവാക്കി. ജിന്‍സി ഫിലിപ് (ധ്യാന്‍ചന്ദ്), ശിവ കേശവന്‍ (അര്‍ജുന) എന്നിവരാണു പട്ടികയിലെ മലയാളികള്‍.
ജൂഡ് ഫെലിക്‌സ് (ഹോക്കി), ജസ്പാല്‍ റാണ (ഷൂട്ടിങ്) എന്നിവരുള്‍പ്പെടെയുള്ളവര്‍ ദ്രോണാചാര്യ പുരസ്‌കാരം നേടി. ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, സ്പ്രിന്റര്‍ ദ്യുതി ചന്ദ്, ബാഡ്മിന്റന്‍ താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, ഫുട്‌ബോള്‍ താരം സന്ദേശ് ജിങ്കാന്‍, ഷൂട്ടിങ് താരങ്ങളായ മനു ഭാക്കര്‍, സൗരഭ് ചൗധരി എന്നിവര്‍ അര്‍ജുന ജേതാക്കളിലുണ്ട്.
പാതി മലയാളി ശിവകേശവന് അര്‍ജുന പുരസ്‌കാരം വൈകി വന്ന അംഗീകാരമാണ്. ശീതകാല ഒളിംപിക്‌സില്‍ തുടര്‍ച്ചയായി 6 തവണ പങ്കെടുത്തിട്ടുള്ള ശിവകേശവന്‍ ശീതകാല ഒളിംപിക്‌സില്‍ ലൂജ് ഇനത്തിലാണ് പങ്കെടുത്തത്. ഈ ഇനത്തില്‍ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനാണു ശിവ. ഫൈബര്‍ ഗ്ലാസുകൊണ്ടുള്ള തളികയില്‍ മഞ്ഞിലൂടെ അതിവേഗം നീങ്ങുന്ന മത്സരമാണു ലൂജ്. ശിവകേശവനെ ഈ മാസമാദ്യം ദേശീയ പരിശീലകനായി ഫെഡറേഷന്‍ നിയമിച്ചിരുന്നു. തലശ്ശേരി സ്വദേശി സുധാകരന്‍ കേശവനാണു ശിവയുടെ പിതാവ്. അമ്മ ഇറ്റലിക്കാരിയാണ്.
https://www.facebook.com/Malayalivartha