ജാക്ക് കാലിസ്, ലിസാ സ്താലേകര്‍, സഹീര്‍ അബ്ബാസ് എന്നിവര്‍ ഐ.സി.സി. ഹാള്‍ ഓഫ് ഫെയിമില്‍
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്, ഓസ്ട്രേലിയയുടെ വനിതാ താരം ലിസാ സ്താലേകര്‍, പാകിസ്താന്റെ മുന്‍ ബാറ്റ്സ്മാന്‍ സഹീര്‍ അബ്ബാസ് എന്നിവരെ ഉള്‍പ്പെടുത്തി.
പ്രത്യേക വീഡിയോ ഷോയിലൂടെയാണ് ഐ.സി.സി. മൂവരെയും ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയത്്. അലന്‍ വില്‍കിന്‍സ് അവതാരകനായ ഷോയില്‍ മുന്‍കാല താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, മെലാനി ജോണ്‍സ്, ഷോണ്‍ പൊള്ളോക്ക് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. വസീം അക്രം, ഗ്രെയിം സ്മിത്ത്, അലീസ ഹീലി എന്നിവര്‍ വീഡിയോ ഷോയില്‍ പുതിയ അംഗങ്ങളെ അഭിനന്ദിക്കാനെത്തി.
ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇതുവരെ 93 താരങ്ങളെ ഉള്‍പ്പെടുത്തി. ഇതുവരെ ആകെ 27 വനിതകളാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചത്. അതില്‍ അഞ്ചു പേര്‍ ഓസ്ട്രേലിയക്കാരാണ്. അവസാന മത്സരം കളിച്ച് അഞ്ച് വര്‍ഷം പിന്നിട്ടവരെയാണു പരിഗണിക്കുക.
ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണു കാലിസ്. ഗ്രെയിം പൊള്ളോക്ക്, ബാരി റിച്ചാഡ്സ്, അലന്‍ ഡൊണാള്‍ഡ് എന്നിവരാണു കാലിസിനു മുമ്പ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച ദക്ഷിണാഫ്രിക്കക്കാര്‍. ടെസ്റ്റ്, ഏകദിനങ്ങളില്‍ 10,000 റണ്ണെടുക്കുകയും 250 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ഏക താരമാണു ജാക്ക് കാലിസ്. ടെസ്റ്റില്‍ 13,289 റണ്ണും ഏകദിനത്തില്‍ 11,579 റണ്ണുമാണു കാലിസിന്റെ നേട്ടം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ (23) മാന്‍ ഓഫ് ദ് മാച്ചുമായി. 166 ടെസ്റ്റുകളിലായി 55.37 ശരാശരിയില്‍ റണ്ണെടുത്ത അദ്ദേഹം 45 സെഞ്ചുറികളും 58 അര്‍ധ സെഞ്ചുറികളും കുറിച്ചു. 292 വിക്കറ്റുകളാണ് അദ്ദേഹം എറിഞ്ഞിട്ടത്. 328 ഏകദിനങ്ങളിലായി 44.36 ശരാശരിയില്‍ റണ്ണെടുത്ത കാലിസ് 17 സെഞ്ചുറികളും 86 അര്‍ധ സെഞ്ചുറികളും 273 വിക്കറ്റുകളും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 25 ട്വന്റി20 കള്‍ കളിച്ച കാലിസ് ആകെ 666 റണ്ണെടുത്തു. അഞ്ച് അര്‍ധ സെഞ്ചുറികളും 12 വിക്കറ്റുകളും കാലിസിന്റെ പേരിലുണ്ട്. 2014 ലാണു രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്.
സഹീര്‍ അബ്ബാസിന് അഞ്ച് മുന്‍ഗാമികളുണ്ട്. ഹനീഫ് മുഹമ്മദ്, ഇമ്രാന്‍ ഖാന്‍, ജാവേദ് മിയാന്‍ദാദ്, വസീം അക്രം, വഖാര്‍ യൂനിസ് എന്നിവര്‍ക്കു ശേഷമാണ് സഹീര്‍ അബ്ബാസ് ഹാള്‍ ഓഫ് ഫെയിമിലെത്തുന്നത്. 1969 മുതല്‍ 1985 വരെ പാക് ടെസ്റ്റ് ടീമിന്റെ നെടുംതൂണായി. ''ഏഷ്യന്‍ ബ്രാഡ്മാന്‍'' എന്ന അപരനാമവുമായാണു വിരമിച്ചത്. പാകിസ്താനു വേണ്ടി 78 ടെസ്റ്റുകളിലായി 12 സെഞ്ചുറികളും 20 അര്‍ധ സെഞ്ചുറികളുമടക്കം 5062 റണ്ണെടുത്തു. 274 റണ്ണാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 62 ഏകദിനങ്ങളിലായി ഏഴ് സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറിയുമടക്കം 2572 റണ്ണും സ്വന്തമാക്കി. 73 വയസുകാരനായ സഹീര്‍ അബ്ബാസ് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് സ്വദേശിയാണ്. ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ നൂറിലധികം ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്‍ സ്വന്തമാക്കിയ ഏക താരവുമാണ്.
ലിസാ സ്താലേകര്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തപ്പെട്ട ഒന്‍പതാമത്തെ വനിതാ താരമാണ്. 41 വയസുകാരിയായ സ്താലേകര്‍ ബെലിന്‍ഡ ക്ലാര്‍ക്ക്, ബെറ്റി വില്‍സണ്‍, കാരേന്‍ റോള്‍ട്ടന്‍, കാതറിന്‍ ഫിറ്റ്സ്പാട്രിക് എന്നിവരുടെ പിന്‍ഗാമിയായാണു ഹാള്‍ ഓഫ് ഫെയിമില്‍ എത്തിയത്. ഇതുവരെ 27 ഓസ്ട്രേലിയന്‍ താരങ്ങള്‍ ഹാള്‍ ഓഫ് ഫെയിമിലെത്തി. 2013 ലാണു സ്റ്റാലേകര്‍ വിരമിച്ചത്.
1979 ഓഗസ്റ്റ് 13-ന്് മഹാരാഷ്ട്രയിലെ പുനെയിലാണ് ലിസാ കാര്‍പ്രീനി സ്താലേകര്‍ എന്ന ലിസ ജനിച്ചത്. ലിസയുടെ കുടുംബം ഓസ്ട്രേലിയയിലേക്കു കുടിയേറുകയായിരുന്നു. എട്ട് ടെസ്റ്റുകളും 125 ഏകദിനങ്ങളും 54 ട്വന്റി20 കളും കളിച്ചു. ന്യൂസൗത്ത് വെയ്ല്‍സ് വനിതാ ടീമില്‍നിന്നാണു ദേശീയ ടീമിലെത്തിയത്. എട്ട് ടെസ്റ്റുകളിലായി ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും അടക്കം 416 റണ്ണും 23 വിക്കറ്റുമെടുത്തു. രണ്ട് സെഞ്ചുറികളും 16 അര്‍ധ സെഞ്ചുറികളും അടക്കം 2728 റണ്ണും 146 വിക്കറ്റുകളുമാണ് ഏകദിനത്തിലെ ആകെ നേട്ടം. ട്വന്റി20 യില്‍ 60 വിക്കറ്റുകളെടുത്ത ലിസ ഒരു അര്‍ധ സെഞ്ചുറിയും സ്വന്തമാക്കി. 2003 ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ബ്രിസ്ബെന്‍ ടെസ്റ്റിലാണ് അരങ്ങേറ്റം. 2001 ല്‍ ഡെര്‍ബിയില്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ ഏകദിനം കളിച്ചു. 2005, 2013 ഏകദിന ലോകകപ്പുകളും 2010,2012 ട്വന്റി20 ലോകകപ്പുകളും നേടിയ ഓസ്ട്രേലിയന്‍ ടീമിലും അംഗമായിരുന്നു. മികച്ച ഓള്‍റൗണ്ടറായിരുന്ന സ്താലേകര്‍ ഏകദിനത്തില്‍ 2000 റണ്ണും 100 വിക്കറ്റുമെടുക്കുന്ന അഞ്ച് താരങ്ങളില്‍ ഒരാളാണ്. 1000 റണ്ണും 100 വിക്കറ്റുമെടുക്കുന്ന ആദ്യ വനിതാ താരമാണ്. 2013 ലെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെയാണു വിരമിച്ചത്.
2009 ലാണ് ഐ.സി.സി. ഹാള്‍ ഓഫ് ഫെയിം കൊണ്ടുവരുന്നത്. സുനില്‍ ഗാവസ്‌കറും ബിഷന്‍ സിങ് ബേദിയുമാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച ആദ്യ ഇന്ത്യക്കാര്‍. 2010-ല്‍ കപില്‍ ദേവും 2015-ല്‍ അനില്‍ കുംബ്ലെയും 2018-ല്‍ രാഹുല്‍ ദ്രാവിഡും ഹാള്‍ ഓഫ് ഫെയിമിലെത്തി. കഴിഞ്ഞ വര്‍ഷം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ഹാള്‍ ഓഫ് ഫെയിമിന്റെ ഭാഗമായി.
https://www.facebook.com/Malayalivartha