അഞ്ജു ബോബി ജോര്‍ജ് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തലപ്പത്തേക്ക്
അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്നു നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റായി ആദില്‍ സുമരിവാലയും സീനിയര്‍ വൈസ് പ്രസിഡന്റായി അഞ്ജു ബോബി ജോര്‍ജും തെരഞ്ഞെടുക്കപ്പെടും. ഇരുവര്‍ക്കും എതിരാളികളില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകും. മൂന്നാം തവണയാണ് ആദില്‍ സുമരിവാല എ.എഫ്.ഐയുടെ അധ്യക്ഷസ്ഥാനത്തെത്തുന്നത്. ലോങ് ജമ്പ് താരമായിരുന്ന അഞ്ജു വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ്.
എ.എഫ്.ഐ. സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാനിരുന്ന സന്ദീപ് മേത്ത പത്രിക പിന്‍വലിച്ചതിനാല്‍ സെക്രട്ടറിയായി രവീന്ദര്‍ ചൗധരിയും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. മേത്ത സീനിയര്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നുണ്ട്. ട്രഷറര്‍ സ്ഥാനത്തേക്കു മധുകാന്ത് പാഥകും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ഇവരെ കൂടാതെ അഞ്ച് ജോയിന്റ് സെക്രട്ടറിമാരും എട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
2003-ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് അഞ്ജു ബോബി ജോര്‍ജ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏക മെഡല്‍ നേട്ടവും അതാണ്. കഴിഞ്ഞ തവണ എ.എഫ്.ഐ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.
പുതിയ ഭാരവാഹികളുടെ കാലാവധി 2024 വരെയാണ്. 2012-ലാണ് സുമരിവാല ആദ്യമായി എ.എഫ്.ഐ. പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. കേന്ദ്ര കായിക നയം അനുസരിച്ച് അദ്ദേഹത്തിന് ഇനി മത്സരിക്കാനാകില്ല. കോവിഡ്-19 വൈറസ് മഹാമാരിയെ തുടര്‍ന്ന് ഏപ്രിലില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് നീട്ടിവച്ചതാണ്. മേയില്‍ ഓണ്‍ലൈനായി നടന്ന പൊതുയോഗത്തില്‍ നിലവിലെ ഭാരവാഹികളുടെ കാലാവധി താല്‍ക്കാലികമായി നീട്ടിയിരുന്നു. തെരഞ്ഞെടുപ്പ് ഓണ്‍ലൈനായി നടത്തമെന്ന നിര്‍ദേശം അന്നു തന്നെ തള്ളിയിരുന്നു.
https://www.facebook.com/Malayalivartha