ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം. വിഷാദ രോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്കിടെ സ്‌കാനിങ്ങിലൂടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് 80 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് അദ്ദേഹത്തിന്റെ തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കം ചെയ്തത്. കഴിഞ്ഞ മാസമാണ് താരം 60ാം പിറന്നാള്‍ ആഘോഷിച്ചത്. 1960 ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസില്‍ ജനനം. ഡോണ്‍ ഡീഗോ ഡാല്‍മ സാല്‍വദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായിരുന്നു ഡീഗോ അര്‍മാന്‍ഡോ മാറഡോണ. മാറഡോണയുടെ പേരിലെ അര്‍മാന്‍ഡോ എന്ന ഭാഗത്തിന്റെ അര്‍ഥം സൈന്യത്തിലെ അംഗം എന്നായിരുന്നു. ഫുട്‌ബോളുമായുള്ള കുഞ്ഞു മാറഡോണയുടെ ബന്ധം ആരംഭിക്കുന്നത് അവന്റെ മൂന്നാം പിറന്നാളിന് കസിനായ ബെറ്റോ സരാറ്റെയില്‍ നിന്ന് ഒരു പന്ത് സമ്മാനമായി ലഭിച്ചതോടെയാണ്. ഒമ്പതാം വയസില്‍ തന്നെ ആ പ്രദേശത്തെ നല്ല ഫുട്‌ബോള്‍ കാളിക്കാരനെന്ന് മാറഡോണ പേരെടുത്തു. ആ പ്രദേശത്തെ ഫുട്‌ബോള്‍ ടീമായിരുന്ന 'ലിറ്റില്‍ ഒനിയനി'ലേക്ക് അവന്‍ തിരഞ്ഞെടുക്കപ്പെട്ടു. 12ാം വയസില്‍ ലിറ്റില്‍ ഒനിയനിയന്‍സില്‍ നിന്ന് മാറഡോണയെ ലോസ് സെബോല്ലിറ്റാസ് ക്ലബ്ബ് റാഞ്ചി. അവിടെ നിന്ന് അര്‍ജന്റിനോസ് ജൂനിയേഴ്‌സ് ടീമിലേക്ക്. അങ്ങനെ 1976ല്‍ 16 വയസ് തികയാന്‍ 10 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മാറഡോണ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചു.
2003 വരെ അര്‍ജന്റീനയില്‍ പ്രൊഫഷണല്‍ ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മാറഡോണയുടെ പേരിലായിരുന്നു. 1976 മുതല്‍ 1981 വരെയുള്ള കാലയളവില്‍ അര്‍ജന്റിനോസ് ജൂനിയേഴ്‌സിനായി 166 മത്സരങ്ങള്‍ കളിച്ച താരം 111 ഗോളുകളും സ്വന്തം പേരിലാക്കി. 1977 ഫെബ്രുവരി 27ന് ഹംഗറിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. പക്ഷേ പ്രായം കുറഞ്ഞ താരമെന്ന കാരണത്താല്‍ 1978ലെ അര്‍ജന്റീനയുടെ ലോകകപ്പ് ടീമില്‍ അദ്ദേഹത്തിന് ഇടംകിട്ടിയില്ല. 1979 ജൂണ്‍ രണ്ടിന് സ്‌കോട്ട്‌ലന്‍ഡിനെതിരേ നടന്ന മത്സരത്തില്‍ രാജ്യത്തിനായുള്ള ആദ്യ ഗോള്‍ മാറഡോണ കുറിച്ചു.
1984 മുതല്‍ 1991 വരെ നാപ്പോളിക്കായി കളിച്ച മാറഡോണ ക്ലബ്ബിനായി 188 മത്സരങ്ങളില്‍ നിന്ന് 81 തവണ സ്‌കോര്‍ ചെയ്തു. മാറഡോണയുടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ സുവര്‍ണ കാലവും ക്ലബ്ബിന്റെ ചരിത്രത്തിലെ സുവര്‍ണ കാലവും ഇതായിരുന്നു. 198687, 198990 സീസണുകളില്‍ ക്ലബ്ബ് സീരി എ കിരീടത്തില്‍ മുത്തമിട്ടു. 198889 സീസണില്‍ യുവേഫ സൂപ്പര്‍ കപ്പിലും മാറഡോണ നാപ്പോളിയെ കിരീടത്തിലേക്ക് നയിച്ചു. 198788, 1988-89 സീസണുകളില്‍ ഇറ്റാലിയന്‍ലീഗില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ക്ലബ്ബിനായി. ഇതിനൊപ്പം 198687 സീസണില്‍ കോപ്പാ ഇറ്റാലിയ കിരീടവും 199091 സീസണില്‍ സൂപ്പര്‍ കോപ്പ ഇറ്റാലിയാന കിരീടവും നാപ്പോളി സ്വന്തമാക്കി.
ഇതിനിടെ 1986ല്‍ തന്റെ രണ്ടാം ലോകകപ്പില്‍ അര്‍ജന്റീനയെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ അദ്ദേഹം കിരീടത്തിലേക്ക് നയിച്ചു. 1986ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ നയിച്ചത് അദ്ദേഹമായിരുന്നു. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോള്‍) ചരിത്രത്തില്‍ ഇടംനേടി. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് കീരിടവുമായാണ് മാറഡോണയുടെ ടീം മടങ്ങിയെത്തിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയതും മാറഡോണ തന്നെ. 1996ല്‍ മയക്കുമരുന്ന് ഉപയോഗത്തിന് ഒരു സ്വിസ് ഡ്രഗ് ക്ലിനിക്കില്‍ ചികിത്സയ്ക്ക് വിധേയനായി. വീണ്ടും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ 1997ലെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു.
"
https://www.facebook.com/Malayalivartha