'ഭാഗ് മില്‍ഖാ ഭാഗ്'... ആദ്യം ജീവനുവേണ്ടി പിന്നെ ഒരു ഗ്ലാസ് പാലിന് വേണ്ടി.. ആ ഓട്ടം അവസാനിച്ചത് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തില്‍; മില്‍ഖാ സിംഗിനെ ചരിത്ര പുരുഷനാക്കിയ ഓട്ടങ്ങള്‍; ഇന്ത്യയുടെ സ്വന്തം 'പറക്കും സിംഗ്'
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടെ ജീവന്‍ കൈയില്‍ പിടിച്ചുകൊണ്ട് ആദ്യം ഓട്ടം. ഈ ഓട്ടമാണ് പിന്നീട് 1958 ലെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണത്തിലും ഫോട്ടോ ഫിനീഷില്‍ അവസാനിച്ച 1960 ലെ റോം ഒളിംപിക്സിലെ നാലാം സ്ഥാനത്തിലും അവസാനിച്ചത്. വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ കുരിതി കളത്തില്‍ നിന്നും ജീവനും കൈയില്‍ പിടിച്ചുകൊണ്ട് ആ 15 വയസുക്കാര്‍ ഓടി തുടങ്ങുമ്പോള്‍ ഇന്നത്തെ നേട്ടങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ സ്വപ്‌നത്തിലെങ്കിലും ഉണ്ടായിരുന്നോ എന്ന് ഉറപ്പില്ല.
'ഭാഗ് മില്‍ഖാ ഭാഗ്' എന്ന അച്ഛന്റെ നിലവിളി കേട്ടു പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗോവിന്ദ്പുരയില്‍ നിന്നു മില്‍ഖ ഓടി ഇന്ത്യയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് സ്വന്തമെന്ന് പറയാന്‍ സ്വന്തം ജീവന്‍ മാത്രം. പാകിസ്ഥാനില്‍ നടന്ന കൂട്ടക്കുരുതിയില്‍ അന്ന് അദ്ദേഹത്തിന് നഷ്ടമായത് മാതാപിതാക്കളും സഹോദരങ്ങളും അടക്കം കുടുംബത്തിലെ എട്ടു പേരെയാണ്. ഒരു ട്രെയിനിന്റെ ലേഡീസ് കംപാര്‍ട്മെന്റില്‍, സ്ത്രീകളുടെ സീറ്റിനടിയില്‍ ഒളിച്ചായിരുന്നു രക്ഷപ്പെട്ടത്. ഡല്‍ഹിയില്‍ കല്യാണം കഴിച്ചുവിട്ട സഹോദരി ഈശ്വറിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും ഏറെ താമസിയാതെ അഭയാര്‍ഥി ക്യാംപ്, പുനരധിവാസ ക്യാംപ് എന്നിങ്ങനെ അലയേണ്ടി വന്നു.
ഒരിക്കല്‍ ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു പിടിയിലായി. പിഴയായ 2.50 രൂപ കൊടുക്കാനില്ലാതെ എത്തപ്പെട്ടത് തീഹാര്‍ ജയിലില്‍. ഒടുവില്‍ പിഴത്തുക സഹോദരി തന്നെ സ്വന്തം കമ്മല്‍ വിറ്റു ഉണ്ടാക്കി കൊണ്ടുവന്ന് നല്‍കി ജയിലില്‍ നിന്നും ഇറക്കി. ജ്യേഷ്ഠന്‍ മഖന്‍ സിംഗായിരുന്നു പട്ടാളത്തില്‍ പോകാന്‍ മില്‍ഖയെ ഉപദേശിച്ചത്. റിക്രൂട്ട്മെന്റ് കടന്നത് മൂന്നാം ശ്രമത്തില്‍. ഇവിടെ നിന്നുമായിരുന്നു അത്ലറ്റിക്സിന്റെ ലോകത്തേക്ക് എത്തിയത്. അതും ഒരു ഗ്ളാസ് പാല്‍ അധികം കിട്ടാന്‍വേണ്ടി മാത്രം.
സെക്കന്തരാബാദില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ക്രോസ് കണ്‍ട്രി മത്സരം നടക്കുന്നു. ആദ്യമെത്തുന്ന 10 പേര്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ അധികം കിട്ടും. അധികം കിട്ടുന്ന പാലിന് വേണ്ടിയും മില്‍ഖ ഓടാന്‍ തയ്യാറായി. 6ാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ പിന്നീട് എല്ലാം പട്ടാളം ചെയ്തു.
1956 മെല്‍ബണ്‍ ഒളിംപിക്സില്‍ 200 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളില്‍ മത്സരിച്ചു. നേരിട്ട പരാജയം കൂടുതല്‍ കരുത്തോടെ മുമ്പോട്ട് വരാന്‍ മില്‍ഖയെ പ്രാപ്തനാക്കി. 1958 ദേശീയ മത്സരത്തിലെ ദേശീയ റെക്കോര്‍ഡ് നേടിയുള്ള വിജയം 200, 400 മീറ്റര്‍ വിജയങ്ങള്‍ മില്‍ഖയെ ടോക്കിയോ ഏഷ്യന്‍ ഗെയിംസിലേക്ക് എത്തിച്ചു. അവിടെയും അവയില്‍ സ്വര്‍ണ്ണനേട്ടം ആവര്‍ത്തിച്ചു. 200 മീറ്ററില്‍ പാക്കിസ്ഥാന്റെ ദേശീയ ഹീറോ അബ്ദുല്‍ ഖാലിഖിനെയാണു മില്‍ഖ തോല്‍പിച്ചത്. 1960 റോം ഒളിംപിക്സായിരുന്നു മില്‍ഖയുടെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ നഷ്ടം.
ആ ഒളിംപിക്സിന്റെ 400 മീറ്ററില്‍ പകുതിവരെ മില്‍ഖ മുന്നിലെത്തിയ ശേഷം നാലാം സ്ഥാനത്തായി. ഫൊട്ടോഫിനിഷ് വേണ്ടി വന്ന മത്സരത്തില്‍ അമേരിക്കയുടെ ഓട്ടിസ് ഡേവിസിന് ഒന്നാം സ്ഥാനം, ജര്‍മനിയുടെ കാള്‍ കാഫ്മാനു രണ്ടാം സ്ഥാനം, ദക്ഷിണാഫ്രിക്കയുടെ മാര്‍ക് സ്‌പെന്‍സര്‍ക്കായിരുന്നു മില്‍ഖയെ മറികടന്ന് മൂന്നാം സ്ഥാനം. അന്ന് 0.1 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് മില്‍ഖായ്ക്ക് ഒളിംപിക് വെങ്കലം നഷ്ടമായത്. സ്പെന്‍സ് ഇവിടെ വെങ്കലജേതാവായി. ഇതേ മാര്‍ക് സ്പെന്‍സറിനെ തോല്‍പിച്ചാണു മുന്‍പ് കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ നേട്ടം മില്‍ഖ സ്വന്തമാക്കിയതും. 1958ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ (കാര്‍ഡിഫ്) മില്‍ഖായാണ് ഇന്ത്യയ്ക്ക് ലോകോത്തര ട്രാക്കില്‍നിന്നും ആദ്യമായി സ്വര്‍ണം സമ്മാനിച്ചത്.
ടോക്കിയോ ഗെയിംസിനു പിന്നാലെ പാക്കിസ്ഥാനില്‍ ഇന്‍വിറ്റേഷനല്‍ മീറ്റിലേക്കുള്ള ക്ഷണം വൈകാരികമായി മില്‍ഖ നിഷേധിച്ചു. എല്ലാം കവര്‍ന്നെടുത്ത അന്നാട്ടിലേക്കു വീണ്ടും പോകാന്‍ തയാറല്ലെന്നു നിലപാട് എടുത്ത മില്‍ഖയെ അന്ന് തിരുത്തിയത് ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ മില്‍ഖയുടെ സാന്നിധ്യം സഹായിക്കുമെന്ന് പറഞ്ഞപ്പോള്‍ മില്‍ഖ സമ്മതിച്ചു. അബ്ദുല്‍ ഖാലിഖിനെ വീണ്ടും തോല്‍പ്പിച്ചു. മത്സരത്തില്‍ കാണികളില്‍ ഒരാളായി പാക് പ്രസിഡന്റ് ജനറല്‍ ആയൂബ്ഖാനും ഉണ്ടായിരുന്നു. മത്സരത്തിന് പിന്നാലെ ആയൂബ്ഖാനായിരുന്നു മില്‍ഖയ്ക്ക് 'പറക്കും സിംഗ്' എന്ന പേര്‍ നല്‍കിയത്.
https://www.facebook.com/Malayalivartha