"ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ധോണി"; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്രെഗ് ചാപ്പല്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ "ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റര്‍മാരിലൊരാള്‍" എന്ന് വിശേഷിപ്പിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്രെഗ് ചാപ്പല്‍. തീരുമാനങ്ങള്‍ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ കാലഘട്ടത്തിലെ മറ്റു കളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കിയെന്ന് ചാപ്പല്‍ പറഞ്ഞു.
2005 മുതല്‍ 2007 വരെ ഇന്ത്യയുടെ മുഖ്യപരിശീലകനായിരുന്ന ചാപ്പല്‍, രണ്ട് തവണ ലോകകപ്പ് ജേതാവായ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെന്ന നിലയില്‍ തന്റെ കരിയര്‍ അവസാനിപ്പിച്ച ധോണിയെ കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
"ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇപ്പോഴും നിരവധി പട്ടണങ്ങളുണ്ട്, അവിടെ കോച്ചിംഗ് സൗകര്യങ്ങള്‍ വിരളമാണ്, ഔപചാരിക പരിശീലനമില്ലാതെ ചെറുപ്പക്കാര്‍ തെരുവുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കളിക്കുന്നു. ഇപ്പോഴത്തെ പല താരങ്ങളും കളി പഠിച്ചത് ഇവിടങ്ങളില്‍ നിന്നാണ്. അതിലൊരാളാണ് റാഞ്ചിയില്‍ നിന്ന് എത്തിയ ധോണിയും. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് തന്റെ കഴിവ് വികസിപ്പിക്കുകയും കളി പഠിക്കുകയും ചെയ്ത ഒരു ബാറ്ററുടെ മികച്ച ഉദാഹരണമാണ് ഇന്ത്യയില്‍ ഞാന്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള ധോണി."
"വ്യത്യസ്ത പിച്ചുകളില്‍ പരിചയസമ്ബന്നരായ താരങ്ങള്‍ക്കെതിരെ കളിച്ചതിനൊപ്പം ധോണി തന്‍റെ തന്ത്രങ്ങളും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിച്ചു. ഇതാണ് ധോണിയെ സമകാലികരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ധോണി" ഇഎസ്പിഎന്‍ ക്രിക്‌ഇന്‍ഫോയില്‍ ചാപ്പല്‍ എഴുതി.
സൗരവ് ഗാംഗുലിയുടെയും ജോണ്‍ റൈറ്റിന്റെയും കീഴില്‍ തന്റെ കരിയര്‍ ആരംഭിച്ച ധോണി, രാഹുല്‍ ദ്രാവിഡ്-ഗ്രെഗ് ചാപ്പല്‍ എന്നിവരുടെ കാലഘട്ടത്തിലാണ് ഇന്ത്യന്‍ ടീമില്‍ സജീവമായത്, ആ സമയത്ത് ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ പുറത്താകാതെ 183 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ സ്‌ഫോടനാത്മകമായ ഇന്നിംഗ്‌സ് എടുത്തുപറയേണ്ട ഒന്നാണ്.
ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച നായകന്‍ കൂടിയാണ് എം എസ് ധോണി. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്ബ്യന്‍സ് ട്രോഫിയും ഇന്ത്യ ഉയര്‍ത്തിയത് ധോണിക്ക് കീഴിലാണ്. 90 ടെസ്റ്റുകളില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനങ്ങളില്‍ നിന്നായി 10773 റണ്‍സും 98 രാജ്യാന്തര ടി20കളില്‍ നിന്ന് 1617 റണ്‍സും താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഇപ്പോഴും തുടരുന്ന ധോണി 220 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 4746 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റുകളിലും വിക്കറ്റ് കീപ്പിങ്ങില്‍ നിരവധി റെക്കോര്‍ഡുകള്‍ ധോണിയുടെ പേരിലുണ്ട്.
https://www.facebook.com/Malayalivartha