ഗുസ്തി ഫെഡറേഷന് താല്‍ക്കാലിക ഭരണസമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍
ഗുസ്തി ഫെഡറേഷന് താല്‍ക്കാലിക ഭരണസമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍. ഭൂപിന്ദര്‍ സിങ് ബജ്വയാണ് താല്‍ക്കാലിക സമിതിയുടെ അധ്യക്ഷന്‍. എം.എം.സോമയ, മഞ്ജുഷ കന്‍വര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഫെഡറഷന്റെ ഭരണകാര്യങ്ങളില്‍ സുതാര്യത, വിശ്വാസ്യത, മാന്യമായ പെരുമാറ്റം എന്നിവ ഉറപ്പാക്കാനായാണ് താല്‍ക്കാലിക സമിതിയെ നിയമിക്കുന്നതെന്ന് ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി.
അതിനിടെ, ഹരിയാനയിലെ ഝജ്ജറില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ചു. ഛാര ഗ്രാമത്തിലുള്ള അഖാഡയില്‍ (ഗുസ്തി പരിശീലന കേന്ദ്രം) എത്തിയ രാഹുല്‍, ഒളിംപ്യന്‍ ബജ്രംഗ് പുനിയ ഉള്‍പ്പെടെയുള്ള താരങ്ങളെ നേരില്‍ക്കണ്ടു. ബജ്രംഗുമായി രാഹുല്‍ സൗഹൃദ മത്സരത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ബജ്‌രംഗിനു പുറമെ രാജ്യാന്തര ഗുസ്തി താരമായ ദീപക് പുനിയ ഉള്‍പ്പെടെയുള്ള താരങ്ങള്‍ തുടക്ക കാലത്ത് പരിശീലനം നേടിയ കേന്ദ്രമാണിത്.
''ഝജ്ജറിലെ ഛാരാ ഗ്രാമത്തിലെ വീരേന്ദ്ര ആര്യയുടെ അഖാഡയില്‍ എത്തി ഒളിംപിക് മെഡല്‍ ജേതാവ് ബജ്രംഗ് പുനിയയുമായും മറ്റ് ഗുസ്തി താരങ്ങളുമായും ചര്‍ച്ച നടത്തി. ഒരേയൊരു ചോദ്യമേയുള്ളൂ - ഇന്ത്യയുടെ പെണ്‍മക്കളായ താരങ്ങള്‍ക്ക് അഖാഡയിലെ പോരാട്ടം ഉപേക്ഷിച്ച്, അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി തെരുവില്‍ പോരാടേണ്ടിവന്നാല്‍, ഈ പാത തിരഞ്ഞെടുക്കാന്‍ ആരാണ് അവരുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക?'' -രാഹുല്‍ എക്‌സില്‍ കുറിച്ചു.
https://www.facebook.com/Malayalivartha