ജഴ്‌സി പോലും ഇല്ലാതെയാണ് എത്തിയത്; വിന്‍ഡീസ് ക്യാപ്റ്റന്റെ വികാരനിര്‍ഭരമായ പ്രസംഗം വൈറലായി
വെല്ലുവിളികളുടെയും അവഗണനകളുടെയും ഇടയില്‍ നിന്നാണ് ലോകകപ്പിനായി ഇത്തവണ വെസ്റ്റ് ഇന്‍ഡീസ് ടീമെത്തിയത്. ആരും ഈ ടീമിനെ ഗൗനിച്ചില്ല. ഒന്നോ രണ്ടോ മല്‍സരം ജയിച്ച് അല്ലെങ്കില്‍ എല്ലാം തോറ്റ് അവര്‍ മടങ്ങുമെന്നായിരുന്നു ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍. ലോകകപ്പിനു തൊട്ടുമുന്‍പാണു വിന്‍ഡീസ് 15 അംഗ ടീമിനെ തന്നെ തട്ടിക്കൂട്ടിയത്. 15 അംഗ ടീമില്‍ 12 പേരും അവസാന നിമിഷം ടീമിലെത്തിയവര്‍. ദുബായിയില്‍ പേരിനൊരു പരിശീലന ക്യാംപും. കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നാരായണ്‍, ഡാരെന്‍ ബ്രാവോ എന്നിവര്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല. പക്ഷേ, എപ്പോഴൊക്കെ ടീമിനൊരു ഹീറോ ആവശ്യമായി വന്നോ അപ്പോഴൊക്കെ 15 പേരില്‍ ഒരാള്‍ ആ സ്ഥാനത്തേക്കുയര്‍ന്നു.
സമിയുടെ പ്രസംഗത്തില്‍ നിന്ന്
ആദ്യമേ, സര്‍വശക്തനായ ദൈവത്തോട് ഞാന്‍ നന്ദി പറയട്ടെ. ഞങ്ങളുടെ ടീമില്‍ ഒരു പാസ്റ്റര്‍ ഉണ്ടായിരുന്നു ആന്ദ്രെ ഫ്‌ലെച്ചര്‍. അദ്ദേഹം എപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഈ വിജയത്തില്‍ വളരെയധികം സന്തോഷമുണ്ട്. ഞങ്ങള്‍ ഇത് ദീര്‍ഘകാലം ഓര്‍മയില്‍ സൂക്ഷിക്കും.
കാര്‍ലോസ് ബ്രാത്ത്‌വയ്റ്റിന്റേത് മികച്ച പ്രകടനമായിരുന്നു. ഞങ്ങളുടെ ടീമില്‍ 15 മാച്ച് വിന്നര്‍മാരുണ്ടെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു. ഓരോ മല്‍സരത്തിലും ഓരോരുത്തര്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. തന്റെ ലോകകപ്പ് അരങ്ങേറ്റത്തില്‍ത്തന്നെ ബ്രാത്ത്‌വയ്റ്റ് ഇത്ര മികവുറ്റ പ്രകടനം കാഴ്ചവച്ചത് അദ്ഭുതകരമാണ്. കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ട് പോയാല്‍ ടെസ്റ്റിലും ഏകദിനത്തിലും ഇതേ നേട്ടം സ്വന്തമാക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ.
ഞങ്ങളുടെ പക്കല്‍ എന്തുണ്ട് എന്ന വ്യക്തമായ ധാരണയോടെയാണ് ഞങ്ങള്‍ ലോകകപ്പിനെത്തിയത്. ലോകകപ്പില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമോ എന്നുപോലും അദ്ഭുതപ്പെട്ടവരുണ്ട്. പ്രശ്‌നങ്ങളുടെ ഒരു കൂമ്പാരമായിരുന്നു ലോകകപ്പിന് മുന്‍പ് ഞങ്ങള്‍ക്ക് നേരിടാനുണ്ടായിരുന്നത്. സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡ് പോലും ഞങ്ങളെ വകവച്ചില്ല. ബുദ്ധിയില്ലാത്തവരുടെ ടീമെന്നാണ് കമന്റേറ്ററായ മാര്‍ക്ക് നിക്കോളാസ് ഞങ്ങളുടെ ടീമിനെ വിശേഷിപ്പിച്ചത്. ഇത്തരം വെല്ലുവിളികള്‍ ടൂര്‍ണമെന്റിന് മുന്‍പുതന്നെ ഞങ്ങവുടെ ടീമിനെ കൂടുതല്‍ ഐക്യമുള്ളവരാക്കി.
ഈ 15 പേരോടുമാണ് എനിക്ക് നന്ദി പറയാനുള്ളത്. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ക്രിക്കറ്റിനെ നെഞ്ചേറ്റുന്ന ഇവിടുത്തെ ആരാധകര്‍ക്ക് മുന്നില്‍ ഇത്ര മികവുറ്റ പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞല്ലോ. വളരെ അദ്ഭുതകരമായി തോന്നുന്നു. മുഖ്യപരിശീലകന്‍ ഫില്‍ സിമ്മണ്‍സിനോടും മറ്റു പരിശീലകരോടും നന്ദി പറയുന്നു. ഫില്‍ സിമ്മണ്‍സിന്റെ സേവനം വളരെ മികച്ചതായിരുന്നു.
ഇത്തവണ ഞങ്ങള്‍ക്ക് പുതിയൊരു മാനേജരുണ്ടായിരുന്നു, റൗള്‍ ലെവിസ്. ഇതിന് മുന്‍പ് ഏതെങ്കിലും ടീമിന്റെ മാനേജരായുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ദുബായില്‍ ടീം ക്യാംപ് നടക്കുമ്പോള്‍ ഞങ്ങള്‍ക്ക് ജഴ്‌സി പോലുമുണ്ടായിരുന്നില്ല. അദ്ദേഹം ദുബായില്‍ നിന്ന് കൊല്‍ക്കത്തയില്‍ വന്ന് വേണ്ടതെല്ലാം ചെയ്തുതന്നു. ഞങ്ങള്‍ക്ക് ജഴ്‌സി സംഘടിപ്പിക്കാന്‍ പോലും അദ്ദേഹത്തിന് വളരെ കഷ്ടപ്പെടേണ്ടിവന്നു.
ഈ വിജയം ഓരോ വിന്‍ഡീസ് ആരാധകനും ഉള്ളതാണ്. അവസാനമായി കാരികോമിനും നന്ദി. ഈ ലോകകപ്പിലുടനീളം ഞങ്ങള്‍ക്ക് അവര്‍ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. ഞങ്ങള്‍ക്ക് ഇമെയിലുകളും ഫോണ്‍കോളുകളും കൃത്യസമയത്ത് തന്നെ ലഭിച്ചു. പ്രധാനമന്ത്രി മിച്ചല്‍, അദ്ദേഹം ചെയ്യാന്‍ ശ്രമിക്കുന്നത് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം ഇന്നു രാവിലെ വളരെ പ്രചോദനകരമായ ഒരു സന്ദേശം അയച്ചിരുന്നു. നന്ദി.
എന്നാല്‍, സ്വന്തം ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഞങ്ങള്‍ക്ക് ഇതുവരെയും ഒരു സന്ദേശവും ലഭിച്ചിട്ടില്ല. ഇന്ന്, എന്റെ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമൊപ്പം ആഘോഷിക്കാന്‍ പോവുകയാണ് ഞാന്‍. ഇനിയെന്നാണ് ഇവര്‍ക്കൊപ്പം കളിക്കാനാവുക എന്ന് എനിക്ക് യാതൊരു പിടിയുമില്ല. ഞങ്ങള്‍ ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇനിയെന്നാണ് ഞങ്ങള്‍ ട്വന്റി20 കളിക്കാന്‍ പോകുന്നതെന്നും അറിയില്ല. അതുകൊണ്ട് തന്നെ, ഈ വിജയം ഞങ്ങള്‍ ആഘോഷിക്കുകയാണ്. എന്റെ സഹതാരങ്ങള്‍ക്ക് നന്ദി. പരിശീലകര്‍ക്ക് നന്ദി.
https://www.facebook.com/Malayalivartha