അഴിമതി നടത്തി പണമുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല, ആദരിക്കേണ്ട, അപമാനിക്കരുത്: അഞ്ജു ബോബി ജോര്‍ജ്
കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റ് പദവി ഞാന്‍ ഏറ്റെടുത്തത് ഇവിടുത്തെ കായികതാരങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ മാത്രമാണ്. അതിനു വേണ്ടി എനിക്കാവും വിധം ഞാന്‍ പരിശ്രമിച്ചിട്ടുമുണ്ട്. എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന കായിക താരങ്ങളില്‍ ഒരാളായ എസ് ശ്രീജേഷ് നിലവില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനാണ്. ഇന്ത്യക്ക് വേണ്ടി റിയോ ഒളിമ്പിക്‌സില്‍ മല്‍സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ പ്രീജാ ശ്രീധരനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വോളിബോള്‍ താരം ടോം ജോസഫുമാണ് മറ്റുള്ള രണ്ടു പേര്‍.
ഞങ്ങളാരും തന്നെ പണത്തിന് വേണ്ടി കായിക രംഗത്തെ വഞ്ചിക്കുന്നവരല്ല. കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ച ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറെ മന്ത്രിമാര്‍ ആദരപൂര്‍വ്വം സ്വീകരിക്കുന്നത് കണ്ടിരുന്നു. ക്രിക്കറ്റ് പോലെ സമ്പന്നമായ ഗെയിം അല്ലെങ്കിലും പാവപ്പെട്ടവരുടെ കായിക ഇനമായ അത്‌ലറ്റിക്‌സിന്റെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ് ഞാന്‍. വേള്‍ഡ് അത്‌ലറ്റിക്‌സ് ഫൈനലില്‍ ചാമ്പ്യനുമായിട്ടുണ്ട്. എന്നെ ബഹുമാനിക്കണമെന്ന് ഞാന്‍ പറയുന്നില്ല. അപമാനിക്കരുതെന്ന അപേക്ഷയുണ്ട്.
ഇന്ത്യയില്‍ എവിടെ പോയാലും സാധാരണ ജനങ്ങള്‍ സ്‌നേഹത്തോടെ, ആദരവോടെയാണ് എന്നോട് പെരുമാറുന്നത്. രാജ്യത്തിന് വേണ്ടി ഞാന്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണിത്. അതില്‍ എനിക്ക് അഭിമാനവുമുണ്ട്. സ്‌പോര്‍ടിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാാന്‍ കൂടുതല്‍ അര്‍ഹത അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയ കായിക താരങ്ങള്‍ക്കാണ് എന്ന ഉത്തമ ബോധ്യത്തോടെയാണ് കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാരവാഹിത്വം ഞാന്‍ ഏറ്റെടുത്തത്.
ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായല്ല ഞാന്‍ ഈ സ്ഥാനത്തേക്ക് എത്തിയത്. ഈ പദവി ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് സ്വീകരിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി. സ്‌പോര്‍ട്‌സിന് വലിയ സംഭാവനകള്‍ നല്‍കിയ ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍. ആ നിലയില്‍ മഹത്തായ കായിക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയും ഉണ്ട്. സ്‌പോര്‍ട്‌സില്‍ അഴിമതി നടത്തി പണമുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല. കായിക താരങ്ങളുടെ അന്തസ്സിനെതിരെ ഭീഷണി ഉയര്‍ന്നാല്‍ തീര്‍ച്ചയായും അതിനെതിരെ പ്രതികരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha