കുടുംബിനിയാകുന്നതിനെ കുറിച്ചും അമ്മയാകുന്നതിനെ കുറിച്ചുമുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകന് സാനിയ മിര്‍സ നല്‍കിയ മറുപടി
സാനിയയുടെ ആത്മകഥയായ 'എയ്‌സ് എഗെയിന്‍സ്റ്റ് ഓഡ്‌സ്' പുറത്തിറക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് സാനിയയുമായി മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ അഭിമുഖവും അതിന് സാനിയ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരം. ഇന്ത്യാ ടുഡേ ടിവിയ്ക്കുവേണ്ടിയുള്ള അഭിമുഖത്തിനിടെ കുടുംബിനിയാകുന്നതിനെ കുറിച്ചും അമ്മയാകുന്നതിനെ കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ ശരിക്കും സാനിയയെ ചൊടിപ്പിക്കുകയായിരുന്നു. കുറിക്കു കൊള്ളുന്ന മറുപടികളും മറുചോദ്യങ്ങളുമായി സാനിയ രംഗത്തെത്തിയപ്പോള്‍ തന്റെ ചോദ്യത്തില്‍ തെറ്റുണ്ടെന്ന് ഏറ്റുപറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ പ്രേക്ഷകര്‍ കേള്‍ക്കെ തന്നെ സാനിയയോട് മാപ്പ് പറഞ്ഞു.
ഇത്ര ചെറുപ്പത്തിലേ ആത്മകഥയോ എന്നായിരുന്നു അഭിമുഖത്തിലെ ആദ്യത്തെ ചോദ്യം. സാധാരണ ആളുകളൊക്കെ 60 വയസ്സൊക്കെ ആയിട്ടാണ് ആത്മകഥ എഴുതാറുള്ളതെന്നും സര്‍ദേശായിയുടെ അഭിപ്രായപ്പെടുന്നു. തുടര്‍ന്ന് ആത്മകഥയെഴുതിയതിന് സാനിയയെ അഭിനന്ദിച്ചതിന് ശേഷമാണ് ഇത്ര ചെറുപ്പത്തില്‍ തന്നെ എന്തുകൊണ്ടാണ് ആത്മകഥയെഴുതിയത് എന്ന ചോദ്യം എറിയുകയുമായിരുന്നു.
ഒരു ആത്മകഥയെഴുതാനുള്ള കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിലുണ്ടായി എന്ന് ചിരിച്ചുകൊണ്ടുതന്നെ സാനിയ മറുപടിയും നല്‍കി. തന്റെ ജീവിതയാത്രയായാലും കരിയറായാലും അത് വളരെ വലുതാണ്. കൃത്യസമയത്തുതന്നെയാണ് താനിത് പുറത്തിറക്കിയത് എന്നുതന്നെയായിരുന്നു സാനിയയുടെ മറുപടി.
നിരവധി റെക്കോര്‍ഡുകള്‍ നേടിയിട്ടും സാനിയയുടെ ജീവിതവുമായി ഉയര്‍ന്നിട്ടുള്ള വിവാദങ്ങള്‍ക്കുള്ള മറുപടിയാണോ ആത്മകഥ എന്നായിരുന്നു അടുത്ത ചോദ്യം. അങ്ങനെ പറഞ്ഞാലും തെറ്റില്ല എന്ന് സാനിയയുടെ ഉത്തരം. തന്റെ ഭാഗം ആരും കേട്ടിട്ടില്ല. ഒരു ജേര്‍ണലിസ്റ്റിനോട് സംസാരിച്ചാല്‍ പോലും അവരുടെ വ്യാഖ്യാനമാണ് ഇത് വരെ പുറത്തുവന്നതെന്നും സാനിയ മറുപടി പറഞ്ഞു.
തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കാണ് സാനിയ തന്റെ വളര്‍ച്ചയുടെ എല്ലാ ക്രെഡിറ്റും നല്‍കിയിരിക്കുന്നത്. എന്നാല്‍ മാതാപിതാക്കളുടെ പിന്തുണ കിട്ടാത്ത പെണ്‍കുട്ടികളോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. തനിക്ക് പറയാനുള്ളത് പെണ്‍കുട്ടികളോടല്ല, പെണ്‍കുട്ടികളുടെ മാതാപിതാക്കളോടാണെന്നായിരുന്നു സാനിയയുടെ ഉത്തരം. നിയന്ത്രണങ്ങളില്ലാതെ അവരെ വളര്‍ത്തുക, ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവര്‍ സ്വപ്നങ്ങള്‍ നേടട്ടെയെന്നും അവര്‍ പറഞ്ഞു.
മിനി സ്‌കര്‍ട്ട് ഇട്ട് കളിക്കുന്നതില്‍ മതപരമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് സാനിയ നല്‍കിയ മറുപടി കളി വേറെ മതം വേറെ എന്നായിരുന്നു. താന്‍ മുസ്ലിമാണ്. അതേ സമയം ടെന്നീസ് കളിക്കാരിയുമാണ്. രണ്ടും രണ്ടാണ്. മതം തന്റെ വളരെ പേഴ്‌സണല്‍ ആയിട്ടുള്ള കാര്യമാണ് അവര്‍ പ്രതികരിച്ചു
പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായി അതിര്‍ത്തി കടന്ന് വിവാഹത്തിലെത്തിയ പ്രണയത്തെക്കുറിച്ചായി അടുത്ത ചോദ്യം. അത് നല്ലതല്ലേ എന്ന് സാനിയയുടെ മറുചോദ്യം. മാലിക്കുമായി പരിചയപ്പെട്ടതും പ്രണയം തുടങ്ങിയതുമെല്ലാം ബുക്കിലുണ്ടെന്നും സാനിയ പറഞ്ഞു. കണ്ടതിനെ കുറിച്ചും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം പുസ്തകത്തിലുള്ളതിനാല്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പുസ്തകം ഷോയിബ് മാലിക്കിന് വായിക്കാന്‍ കൊടുത്തോ എന്നായിരുന്നു അടുത്ത ചോദ്യം. ഷോയിബിന് തന്നെ വിശ്വാസമാണെന്നും അതുകൊണ്ട് ബുക്ക് ഒരു സര്‍പ്രൈസ് ആയി കൊടുക്കുമെന്നും സാനിയയുടെ മറുപടി.
മാധ്യമങ്ങളുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിനും വളരെ പോസിറ്റീവായാണ് സാനിയ പ്രതികരിച്ചത്. ആറുവര്‍ഷം മുമ്പ് കളി മതിയാക്കാന്‍ തീരുമാനിച്ചിരുന്നെന്നും അന്നങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ജീവിതത്തിലെ ഏറ്റവും കനത്ത നഷ്ടമാകുമായിരുന്നെന്നും റിയോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണം എന്നതാണ് അടുത്ത ലക്ഷ്യം എന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സാനിയ പറയുന്നു.
അതിന് ശേഷമാണ് കളിയൊക്കെ നിര്‍ത്തി സെറ്റിലാകുന്നില്ലേ. അമ്മയാകണ്ടേ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകന്‍ എത്തിയത്.
സെലിബ്രിറ്റി ജീവിതത്തിനിടയില്‍ എന്നാണ് സാനിയ സെറ്റില്‍ ആകുന്നത്? ദുബായിലാണോ ശിഷ്ട ജീവിതം? അതോ മറ്റേതെങ്കിലും രാജ്യത്തോ? മാതൃത്വത്തെക്കുറിച്ച്, കുടുംബം കെട്ടിപ്പടുക്കുന്നതിനെ കുറിച്ച്, ഇക്കാര്യങ്ങളൊന്നും സാനിയയുടെ ആത്മകഥയില്‍ കണ്ടില്ല. സെറ്റില്‍ ആവാന്‍ വേണ്ടി വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണോ? മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.
ഞാന്‍ ഇതുവരെ സെറ്റില്‍ ആയിട്ടില്ലെന്നാണോ താങ്കള്‍ കരുതുന്നത് എന്ന മറുചോദ്യമായിരുന്നു സാനിയയുടെ മറുപടി.
ടെന്നീസ് ജീവിതത്തിന് അപ്പുറമുള്ള ജീവിതത്തെക്കുറിച്ച് സാനിയ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. കുടുംബം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച്, മാതൃത്വത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യമെറിഞ്ഞു.
ഞാന്‍ സെറ്റിലാകാത്തതില്‍ വലിയ നിരാശയാണല്ലോ എന്ന കളിയാക്കലായിരുന്നു സാനിയയുടെ മറുപടി. അമ്മയായി വീട്ടിലിരിക്കുന്നതാണോ ലോകത്തെ നമ്പര്‍ വണ്ണായിരിക്കുന്നതാണോ നല്ലത് എന്ന മറുചോദ്യം കൂടി സാനിയ ഉയര്‍ത്തിയതോടെ മാധ്യമപ്രവര്‍ത്തകന്‍ ശരിക്കും വെള്ളം കുടിച്ചു.
ടെന്നീസില്‍ ഞാന്‍ മുന്‍നിര സ്ഥാനത്തുണ്ടായിട്ടും ഞാന്‍ അമ്മയാകാത്തതിലാണ് താങ്കളുടെ നിരാശ. എന്തായാലും ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നു. സ്ത്രീയെന്ന നിലയില്‍ എല്ലായിടത്തും നിന്നും ഞാന്‍ നേരിടുന്ന ചോദ്യമാണിത്. ഞാന്‍ മാത്രമല്ല, എല്ലാ സ്ത്രീകളും ഇതേ ചോദ്യം നേരിടുന്നു ആദ്യം വിവാഹത്തെക്കുറിച്ചായിരിക്കും, പിന്നെ മാതൃത്വത്തെക്കുറിച്ചും. കുടുംബിനി ആയാല്‍ മാത്രമാണ് സ്ത്രീ സെറ്റില്‍ ആകുന്നതെന്ന ധാരണ ദൗര്‍ഭാഗ്യകരമാണ്.
എത്ര വിംബിള്‍ഡണ്‍ കിരീടം നേടിയാലും ലോകത്ത് നമ്പര്‍ വണ്‍ സ്ഥാനത്തുണ്ടായിട്ടും അവരുടെ കണ്ണില്‍ ഞങ്ങള്‍ ഒരിക്കലും സെറ്റില്‍ ആകുന്നില്ല. കുടുംബജീവിതം, അമ്മയാകല്‍ അതെല്ലാം സംഭവിക്കും. ഇപ്പോഴല്ല. സമയമാകുമ്പോള്‍ അത് എല്ലാവരേയും ഞാന്‍ തന്നെ അറിയിക്കും.
സാനിയ മിര്‍സയ്ക്ക് ഈ ചോദ്യം മോശമായി തോന്നി എന്ന് തിരിച്ചറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ അപ്പോള്‍ത്തന്നെ ക്ഷമാപാണവും നടത്തി. ഞാന്‍ മാപ്പ് ചോദിക്കുന്നു, തെറ്റായ രീതിയിലാണ് ഞാന്‍ ആ ചോദ്യം ചോദിച്ചത്. നിങ്ങളുടെ വാക്കുകള്‍ ശരിയാണ്, ഞാന്‍ ഒരിക്കലും പുരുഷ കായികതാരത്തോട് ഈ ചോദ്യം ചോദിക്കില്ല എന്നും മടിയേതും കൂടാതെ അദ്ദേഹം തുറന്നു സമ്മതിച്ചു.
ഒരുപാട് സന്തോഷമുണ്ട്, ദേശീയ ടിവിയില്‍ എന്നോട് മാപ്പ് പറയുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകനാണ് നിങ്ങള്‍ എന്നായിരുന്നു സാനിയയുടെ പ്രതികരണം.
https://www.facebook.com/Malayalivartha