19 കാരിയല്ല ഞാന്‍... രാജ്യ സ്‌നേഹമില്ലാത്തവളെന്ന പരാമര്‍ശം കേള്‍ക്കേണ്ടി വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദന; വേദനകള്‍ പങ്കുവച്ച് സാനിയ
19 വയസുകാരിയുടെ മാനസികാവസ്ഥയിലല്ല താനെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. രാജ്യസ്‌നേഹമില്ലാത്തവളെന്ന പരാമര്‍ശം കേള്‍ക്കേണ്ടി വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്നും സാനിയ പറഞ്ഞു. ആത്മകഥയായ എയ്‌സ് എഗെയ്ന്‍സ്റ്റ് ഓഡ്‌സിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് സാനിയ ഇക്കാര്യം വിശദീകരിച്ചത്.
രാജ്യസ്‌നേഹമില്ലാത്തവളെന്ന് ആളുകള്‍ വിളിക്കുമ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു പോകും. 19 വയസ്സുകാരിയായിരുന്നപ്പോള്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ 29 വയസ്സിലെത്തി നില്‍ക്കുമ്പോള്‍ പക്വതയ്ക്കനുസരിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയുന്നുണ്ട്.
110 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ എല്ലാവരും ബോധത്തോടെ സംസാരിക്കണമെന്ന് നമ്മള്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. 10 കോടി ജനങ്ങള്‍ക്ക് എന്റെ ദേശഭക്തിയില്‍ സംശയമുണ്ടെങ്കിലും ഞാന്‍ അത് കാര്യമാക്കുന്നില്ല. എന്നെ സ്‌നേഹിക്കാന്‍ ബാക്കി 100 കോടി ജനങ്ങളുണ്ട്.
വിവാഹ ജീവിതത്തെ കുറിച്ചും സാനിയ തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി. വിവാഹം ഒന്നിന്റെയും അവസാനമല്ലെന്നും നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലി വിവാഹശേഷവും തുടരുന്നതില്‍ എന്താണ് പ്രശ്‌നമെന്നും സാനിയ ചോദിച്ചു.
രണ്ടു പേരും തമ്മിലുള്ള അകലം കൂടുന്നതില്‍ നമുക്ക് ബുദ്ധിമുട്ട് തോന്നും. പക്ഷേ എല്ലാം ഒരേ സമയത്ത് ലഭിക്കണമെന്ന് വാശി പിടിക്കാന്‍ പറ്റില്ല. ഷൊയ്ബ് മാലിക്കുമൊത്തുള്ള ജീവിതത്തെ കുറിച്ചും സാനിയ പറയുന്നു.
പരസ്പരം വിട്ടുവീഴ്ച്ചയോടെ ജീവിക്കുന്ന പലരെയും എനിക്കറിയാം. പക്ഷേ എന്റെയും ഷൊയ്ബിന്റെയും ജീവിതം വളരെ വ്യക്തമാണ്. കളി തുടരുന്നത് എന്നെയും ഷൊയ്ബിനെയും ബാധിക്കുന്ന കാര്യമല്ല. ഒരു ദിവസം ഞാന്‍ കുടുംബജീവിതം തുടങ്ങും. ഞാന്‍ അമ്മയാകും, ഭക്ഷണമുണ്ടാക്കും. പക്ഷേ അതിനുള്ള സമയമായിട്ടില്ല. ഇപ്പോള്‍ ഞാന്‍ ടെന്നീസില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നുമില്ല.
https://www.facebook.com/Malayalivartha